
കോഴിക്കോട്: മാല തട്ടിപ്പറിച്ച സംഭവത്തിൽ കോടതിയിൽ കീഴടങ്ങിയവരെ കസ്റ്റഡിയിൽ വാങ്ങാനെത്തിയ പൊലീസ് സംഘത്തെ പ്രതികൾ ആക്രമിച്ചു. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പിന്നീട് കോടതി വളപ്പിൽ നിന്നു പൊലീസ് പിടികൂടി. പ്രതികളുടെ ആക്രമണത്തിൽ പരുക്കേറ്റ എസ്ഐയെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
താമരശ്ശേരി ഈങ്ങാപുഴ സ്വദേശി റിജാസ് (24), ഒളവണ്ണ കൊടിനാട്ടുമുക്ക് നവീൻ ബാബു (23) എന്നിവരെയാണ് കസബ പൊലീസും ടൗൺ പൊലീസും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 19 നു പാളയത്തു നിന്നു തൃശൂർ സ്വദേശിയുടെ മൂന്നര പവന്റെ സ്വർണമാല തട്ടിപ്പറിച്ച സംഭവത്തിൽ റിജാസും നവീൻ ബാബുവും ഒളിവിലായിരുന്നു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് പ്രതികളെ തിരിച്ചറിയുകയും താമസസ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞു മുങ്ങിയ പ്രതികൾ പൊലീസിനു പിടികൊടുക്കാതെ കോടതിയിൽ ഹാജരായി. വിവരമറിഞ്ഞ് കസബ എസ്ഐ എ.കെ.ശ്രീകുമാർ, പൊലീസുകാരായ സുധർമൻ, മനോജ് എന്നിവർ കോടതിയിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ എസ്ഐ ശ്രീകുമാറിന്റെ നെഞ്ചിൽ ചവിട്ടി തള്ളിയിട്ടു പ്രതികൾ കടന്നുകളയുകയായിരുന്നു.
വാഹനത്തിന്റെ ചില്ലുതകർക്കുകയും ചെയ്തു. ഒടുവിൽ കൂടുതൽ പൊലീസ് എത്തി പ്രതികളെ പിടികൂടി കസബ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മാല തട്ടിപ്പറിച്ച സംഭവത്തിൽ പ്രതികളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു രാത്രി കോടതിയിൽ ഹാജരാക്കി. പൊലീസുകാരെയും ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ ടൗൺ എസ്ഐ എസ്.ആർ.ജയശ്രീ പ്രതികൾക്കെതിരെ കേസെടുത്തു.





