രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെയടുത്തണമെന്നും നിര്‍ദേശമുണ്ട്. മൂന്നാംതരംഗം സംബന്ധിച്ച റിപ്പോര്‍ട്ട് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രധാനമന്ത്രിക്ക് കൈമാറി.
മൂന്നാംതരംഗത്തില്‍ കുട്ടികള്‍ക്ക് കൂടുതലായി വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയാണ് എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നത്. ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തണം.
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സംവിധാനങ്ങളൊരുക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം. ഒക്ടോബര്‍ അവസാനത്തോടെ ആയിരിക്കും കൊവിഡിന്റെ മൂന്നാം തരംഗം വ്യാപിക്കുക. ആരോഗ്യം ദുര്‍ബലമായ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കിയില്ലെങ്കില്‍ രോഗം വളരെ പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും.
അതേസമയം രാജ്യത്ത് ശിശുരോഗ വിദഗ്ദരുടെ എണ്ണം കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഇവരുടെ എണ്ണം 82% കുറവാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 63ശതമാനത്തോളം ഒഴിവുകളും ഉണ്ട്. ഇവ നികത്തേണ്ടതും ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് മുന്നറിയിപ്പ്.