പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേ ദിവസം നടത്തുന്നതിനെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍
സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത്. അക്കാദമിക്,പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് നടപടിക്ക് കാരണമെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.പരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക പ്രയാസ്സമായിരിക്കുമെന്നും പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. തിയതി മാറ്റി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് കത്തയച്ചു. ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്.
വരുന്ന സെപ്തംബര്‍ 13നാണ് പ്ലസ് വണ്‍ പൊതുപരീക്ഷയും ഏകജാലകം വഴിയുളള ആദ്യഅലോട്ട്‌മെന്റ് പ്രക്രിയയും നിശ്ചയിച്ചിരിക്കുന്നത്.നാലരലക്ഷം കുട്ടികള്‍ ഒരേദിവസം പരീക്ഷയെഴുതാനെത്തുന്ന ഇതേ ദിവസം അലോട്ട്‌മെന്റ് നിശ്ചയിക്കരുതെന്നാണ് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്.
പരീക്ഷയെഴുതാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ഏകജാലകം വഴിയുളള അലോട്ട്‌മെന്റിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എത്തുന്നതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുക പ്രയാസ്സമാകുമെന്നാണ് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പറയുന്നത്.
ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിലെ അക്കാദമിക് വിഭാഗവും പരീക്ഷ വിഭാഗവും തമ്മിലുളള ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
അധ്യാപകര്‍ ഹെല്‍പ്പ് ഡെസ്‌ക്കിലും പരീക്ഷ ഡ്യൂട്ടിയുമായി മറ്റ് സ്‌കൂളുകളില്‍ ആയിരിക്കുമെന്നിരിക്കെ അലോട്ട്‌മെന്റ് പ്രധാനധ്യാപകര്‍ ഒറ്റക്ക് നടത്തേണ്ടുന്ന സാഹചര്യം ഉണ്ടാകും.
നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ വിദ്യാഭ്യാസമന്ത്രിക്കും സര്‍ക്കാരിനും കത്തയച്ചിട്ടുണ്ട്.