Kozhikode

ലാബുകളിൽ മൈക്രോബയോളജിസ്റ്റില്ല; ഭക്ഷ്യപരിശോധന വൈകുന്നു

Please complete the required fields.




കോഴിക്കോട് : ഭക്ഷ്യവിഷബാധയെ തുടർന്ന് പരിശോധന കൂട്ടിയെങ്കിലും പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ പരിശോധനയ്ക്കു വിധേയമാക്കാൻ റീജനൽ അനലിറ്റിക്കൽ ലാബുകളിൽ മതിയായ മൈക്രോബയോളജിസ്റ്റില്ല. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജനൽ അനലിറ്റിക്കൽ ലാബുകളിൽ ഒരോ മൈക്രോ ബയോളജിസ്റ്റ് മാത്രമാണുള്ളത്. ഇതിനാൽ പിടിച്ചെടുക്കുന്ന ഭക്ഷ്യപദാർഥങ്ങളിലെ സൂഷ്മാണുക്കളുടെ പരിശോധന വൈകുകയാണ്. ഒരുമാസം 300 മുതൽ 350 വരെ സാംപിളുകളാണ് ലാബുകളിലെത്തുന്നത്.

സമയം ഏറെ എടുത്തു നടത്തേണ്ടതാണ് മൈക്രോബയോളജി പരിശോധന. ഒരു സാംപിൾ ലഭിച്ച് 1 മുതൽ 7 ദിവസം വരെ വേണ്ടിവരും പരിശോധന പൂർത്തിയാക്കാൻ. ആവശ്യത്തിനു മൈക്രോബയോളജിസ്റ്റില്ലാത്തതിനാൽ ഭക്ഷ്യവിഷബാധ പോലെയുള്ള അടിയന്തര ഘട്ടങ്ങളിൽ പോലും വേഗത്തിൽ പരിശോധന നടത്താനോ ഉറവിടം കണ്ടെത്തി തുടർ നടപടി എടുക്കാനോ പറ്റാതെ പോകുന്നു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു വരുന്ന സാംപിളാണ് മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലാബിൽ പരിശോധിക്കുന്നത്.

ഇടുക്കി, തൃശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള സാംപിളാണ് കാക്കനാട്ടെ ലാബിൽ പരിശോധനയ്ക്ക് എത്തുന്നത്. ഒരു മൈക്രോബയോളജിസ്റ്റ് മാത്രമായതിനാൽ അടിയന്തര ഘട്ടങ്ങളിൽ അവർക്ക് അവധി പോലും എടുക്കാൻ പോലും പറ്റാതെ സാഹചര്യമാണ്.മതിയായ മാനവവിഭവശേഷി ഉണ്ടെങ്കിൽ മാത്രമേ ലാബുകളിൽ വരുന്ന സാംപിളുകൾ പരിശോധിച്ച് യഥാസമയം ഫലം നൽകാനാകൂ. പരമ്പരാഗത പരിശോധനാ രീതികളും ആവശ്യത്തിനു മൈക്രോബയോളജിസ്റ്റിന്റെ തസ്തിക ഇല്ലാത്തതും പരിശോധനാ ഫലം ലഭിക്കുന്നതിനു കാലതാമസം ഉണ്ടാക്കുന്നു.

Related Articles

Leave a Reply

Back to top button