കോഴിക്കോട്ടെ ഒറ്റമുറി വീട്ടിൽ നടന്നത് അരുംകൊല, ബിജുവിന്‍റെ ശരീരത്തിൽ 45 മുറിവുകൾ; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: പാളയത്തെ ഒറ്റമുറി വീട്ടിൽ കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കുത്തുകൾ ഉണ്ടായിരുന്നു. കിച്ചൺ നൈഫ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് പാളയത്തെ വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.വീടിനോട് ചേർന്ന ഗ്രൗണ്ടിൽ നടക്കുന്ന പരസ്യ മദ്യപാനത്തെ കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബിജു പൊലീസിന് നൽകിയിരുന്നു.
ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ സംശയം.കൊലപാതകവുമായി ബന്ധപ്പെട്ട് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കുടുംബത്തിന്റെ ആരോപണം വിശദമായി പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ പി ഷൗക്കത്തലി അറിയിച്ചു.





