Ernakulam

പ്രചാരണ ചൂടേറുന്നു, ഉമയും ജോ ജോസഫും നേർക്കുനേർ; ബിജെപി ഇന്ന് തീരുമാനിക്കും

Please complete the required fields.




കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലെത്തിയതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. എൻ ഡി എ സ്ഥാനാർത്ഥി സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോട് ചേരുന്ന പാർട്ടി കോർ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാൻ ആണ് സാധ്യത.

തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിന്‍റെ മുന്നിലുണ്ട്. എന്നാൽ ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം.

അതേസമയം ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ കളത്തിലെത്തിയതോടെ തന്നെ തൃക്കാക്കര, തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശത്തിലായിട്ടുണ്ട്. പരസ്പരം പോ‍ർവിളിച്ച് നേതാക്കളും രംഗത്തുണ്ട്. നൂറ് സീറ്റാക്കാൻ, വികസനത്തിന് വോട്ട് എന്ന മുദ്രാവാക്യമാണ് ഇടത് മുന്നണി മുന്നോട്ട് വയ്ക്കുന്നത്. പി ടി തോമസിന്‍റെ വികസന സ്വപ്നങ്ങളും സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് യു ഡി എഫ് പ്രചരണം. കെ റെയിൽ പദ്ധതിയും മണ്ഡലത്തിൽ സജീവ ചർച്ചയാകുന്നുണ്ട്.

Related Articles

Leave a Reply

Back to top button