Sports

പൊരുതിക്കീഴടങ്ങി മാർക്രവും പൂരാനും; ഡൽഹിയുടെ ജയം 21 റൺസിന്

Please complete the required fields.




ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്. ഡൽഹി മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. 62 റൺസെടുത്ത നിക്കോളാൻ പൂരാൻ ഹൈദരാബാദിൻ്റെ ടോപ്പ് സ്കോററായി. ഡൽഹിക്ക് വേണ്ടി ഖലീൽ അഹ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ അവർക്ക് അഭിഷേക് ശർമ്മയെ (7) നഷ്ടമായി. അഭിഷേകിനെ ഖലീൽ അഹ്മദിൻ്റെ പന്തിൽ കുൽദീപ് യാദവ് പിടികൂടി. അഞ്ചാം ഓവറിൽ കെയിൻ വില്ല്യംസണും (4) മടങ്ങി. ഹൈദരാബാദ് ക്യാപ്റ്റനെ ആൻറിച് നോർക്കിയ ഋഷഭ് പന്തിൻ്റെ കൈകളിലെത്തിച്ചു. പവർ പ്ലേയിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 35 റൺസെടുക്കാനേ ഹൈദരാബാദിനു സാധിച്ചുള്ളൂ. ഏഴാം ഓവറിൽ ത്രിപാഠിയും (22) മടങ്ങി. നന്നായി തുടങ്ങിയ ത്രിപാഠിയെ മിച്ചൽ മാർഷിൻ്റെ പന്തിൽ ശാർദ്ദുൽ താക്കൂർ പിടികൂടുകയായിരുന്നു.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന എയ്ഡൻ മാർക്രം-നിക്കോളാസ് പൂരാൻ സഖ്യമാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഡൽഹി ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും ചേർന്ന് 60 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഈ കൂട്ടുകെട്ട് മുന്നോട്ടുപോകവേ മാർക്രം വീണു. 25 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സറും സഹിതം 42 റൺസെടുത്ത മാർക്രത്തെ ഖലീൽ അഹ്മദ് കുൽദീപ് യാദവിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ശശാങ്ക് സിംഗ് (10) ശാർദ്ദുൽ താക്കൂറിൻ്റെ പന്തിൽ നോർക്കിയക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഷോൺ ആബട്ടിനെ (7) ഖലീൽ അഹ്മദ് റിപൽ പട്ടേലിൻ്റെ കൈകളിലെത്തിച്ചു. ഇതിനിടെ 29 പന്തുകളിൽ പൂരാൻ ഫിഫ്റ്റി തികച്ചു. 34 പന്തുകളിൽ 2 ബൗണ്ടറിയും 6 സിക്സറും സഹിതം 62 റൺസെടുത്ത നിക്കോളാസ് പൂരാനെ ശാർദ്ദുൽ താക്കൂർ റോവ്മൻ പവലിൻ്റെ കൈകളിൽ എത്തിച്ചതോടെ സൺറൈസേഴ്സ് പരാജയം ഉറപ്പിച്ചു. ശ്രേയാസ് ഗോപാലും കാർത്തിക് ത്യാഗിയും ചില ബൗണ്ടറികൾ നേടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. അവസാന ഓവറിൽ കാർത്തിക് ത്യാഗിയെ (7) കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. ശ്രേയാസ് ഗോപാൽ (9), ഭുവനേശ്വർ കുമാർ (5) എന്നിവർ പുറത്താവാതെ നിന്നു.

Related Articles

Leave a Reply

Back to top button