
കോഴിക്കോട് : കടത്തു സ്വർണം കൈമാറാതെ ദുബായിൽ നിന്നെത്തിയ കാരിയർ മുങ്ങിയതിന് 2 പേരെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ 4 പേരെ റിമാൻഡ് ചെയ്തു. മലപ്പുറം തയ്യിലക്കടവ് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് സമീർ (31), പൂനാടത്തിൽ ജയരാജൻ (51), റൗഫ് (36), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കൽ രതീഷ് (32), എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഏപ്രിൽ 27നു ദുബായിൽ നിന്നും ഒരു കിലോ സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വയനാട് പടിഞ്ഞാറത്തറ കൂത്താളി വീട്ടിൽ അബ്ദുൽ നിസാർ സ്വർണം കൈമാറാതെ മുങ്ങിയതിനെ തുടർന്നാണ് ഇയാളെ ഏർപ്പാടാക്കിയ 2 പേരെ സംഘം തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷഹീർ, മായനാട് സ്വദേശി ഫാസിൽ എന്നിവരെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിക്കുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം ബെംഗളൂരുവിലേക്ക് കടന്നു. പ്രതികളിലൊരാളുടെ സിം കാർഡ് പുതിയ ഫോണിലിട്ടു മൈസൂരുവിൽ നിന്നും ജയ്പൂരിലേക്കു പോകുന്ന ട്രെയിനിൽ വച്ചു. എന്നാൽ, ഇതു തെറ്റിദ്ധരിപ്പിക്കാനാണെന്നു മനസ്സിലാക്കിയ പൊലീസ് സംഘം കൃത്യമായ അന്വേഷണത്തിലൂടെ ഇവരെ കണ്ടെത്തുകയായിരുന്നു.





