IndiaTop News

വീണ്ടും ഇരുട്ടടി, ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് 25 രൂപ കൂടി, പുതിയ വില

Please complete the required fields.




കൊച്ചിഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. 25 രൂപയാണ് സിലിണ്ടറൊന്നിന് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866 രൂപ 50 പൈസയാണ്. 

അതേസമയം, വാണിജ്യസിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയിൽ 1618 രൂപയാണ് സിലിണ്ടറൊന്നിന്. 

പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വരും. 

ജൂൺ 2020 മുതൽ കേന്ദ്രസർക്കാർ എൽപിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നിർത്തലാക്കിയിരുന്നു. ഫലത്തിൽ സബ്സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്. 

പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കി വന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത്  ആദ്യം പെട്രോളിന്‍റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്‍റെയും സബ്സിഡി നിര്‍ത്തലാക്കി.

കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്സിഡിയും നിര്‍ത്തി. 2013-14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14000 കോടി രൂപ മാത്രം. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി ഇല്ലാതായി.  സബ്സിഡി നിരക്കിൽ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുന്ന ചെറിയ ശതമാനം മണ്ണെണ്ണ മാത്രമേ ഇനിയുള്ളു. സമീപഭാവിയിൽ അതും ഇല്ലാതാകുമെന്നാണ് സൂചന.

ഇന്ധന സബ്സിഡി ഖജനാവിന് വലിയ ബാധ്യതയാണ് എന്നതാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്. അത് ഇല്ലാതാക്കാൻ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചത് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഭക്ഷ്യ സബ്സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്സിഡിക്കായി 80,000 കോടിരൂപയും ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. അതും സര്‍ക്കാരിനൊരു ബാധ്യതയാകുമോ എന്നറിയാൻ കാത്തിരിക്കാം.  

Related Articles

Leave a Reply

Back to top button