Palakkad

സുബൈര്‍ വധം; നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

Please complete the required fields.




പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച വാഗണാര്‍ കാറിന്‍റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. കൃത്യമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലെപ്പെട്ട സുബൈറിന്‍റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍‍ സഞ്ജിത്തിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന സുബൈറിന്‍റെ പിതാവ് അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അഥേസമയം, സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.

കൊല്ലപ്പെട്ട സുബൈറിന്‍റെ അച്ഛന്‍ അബൂബക്കറിന്‍റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് കസബ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. സംഭവ സ്ഥലം സന്ദർശിച്ച പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പൊലീസ് സ്‌റ്റേഷനിൽ പ്രത്യേക യോഗം ഇന്നലെ ചേർന്നിരുന്നു.

തുടർന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നേതൃത്വം നൽകുന്ന സംഘത്തിൽ മൂന്ന് സിഐമാരുണ്ട്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ ഡിവൈഎസ്പിമാർ പ്രത്യേക സംഘത്തിന് പുറത്തുനിന്ന് സഹായം നൽകും. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് കൃത്യത്തിന് ശേഷം പോയതെന്നും പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അക്രമിസംഘത്തിലെ രണ്ട് പേരെ താൻ കണ്ടുവെന്നാണ് പാലക്കാട് എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പിതാവ് അബൂബക്കർ പറഞ്ഞത്.  ഇവർ മുഖം മൂടി ധരിച്ചിരുന്നില്ല.  ഇരുവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അബൂബക്കർ പറഞ്ഞു. വീടിന് നേരെ ഇതിന് മുമ്പ് ആക്രമണം ഉണ്ടായിരുന്നതായി സുബൈറിൻ്റെ മകൻ സജാദ് പറഞ്ഞു. വീടിന് നേരെ ചിലർ കല്ലെറിഞ്ഞിരുന്നു. പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു.

Related Articles

Leave a Reply

Back to top button