
കോഴിക്കോട് : കനത്ത വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 182 ഹെക്ടറിലെ കൃഷിയാണ് ഈ മാസം മഴയിൽ നശിച്ചത്. 628.77 ലക്ഷം രൂപയാണ് നഷ്ടമായി കണക്കാക്കുന്നത്. ജില്ലയിലെ 5087 കർഷകരെ ഇതു ബാധിച്ചു. കുന്നുമ്മൽ ബ്ലോക്കിലാണ് ഏറ്റവുമധികം നഷ്ടം; 85.99 ലക്ഷം രൂപ. തൂണേരി ബ്ലോക്കിൽ 85.95 ലക്ഷം രൂപയുടെ വിളകൾ നശിച്ചു. 41 ഹെക്ടറിലെ വാഴക്കൃഷിയാണ് നശിച്ചത്.
ആകെ 51 ഹെക്ടറിലെ നെൽക്കൃഷിയും നശിച്ചു. ഇതിൽ 46 ഹെക്ടറും വേളം പഞ്ചായത്തിലാണ്. കൊടിയത്തൂർ പഞ്ചായത്തിലുണ്ടായത് വൻ കൃഷിനാശം. കാരക്കുറ്റി കുറ്റിപ്പൊയിൽ, ചെറുവാടി പുഞ്ചപ്പാടം എന്നിവിടങ്ങളിൽ മാത്രമായി 6 ഏക്കർ നെൽക്കൃഷി നശിച്ചു. വിളവെടുക്കാൻ പാകമായതുൾപ്പെടെയുള്ള നെൽകൃഷിയാണ് വെള്ളം കെട്ടി നിന്ന് നശിച്ചത്. പഞ്ചായത്ത് പരിധിയിൽ 6 ഏക്കറോളം സ്ഥലത്ത് വാഴക്കൃഷിയും നശിച്ചിട്ടുണ്ട്.
3, 4 വാർഡുകളിലായി റബർ, തെങ്ങ് കൃഷികളും നശിച്ചിട്ടുണ്ട്. വേളം പഞ്ചായത്തിലെ മണിമല, അടിവയൽ ,കുറിച്ചകം, കൊളശ്ശേരിത്താഴ, മാണിക്കോത്ത് തുടങ്ങിയ പാടശേഖരത്തിൽ വെള്ളം കയറി ഹെക്ടർ കണക്കിന് നെൽക്കൃഷി നശിച്ചു. കൊയ്യാൻ പാകമായ 40 ഏക്കറിലെയും കൊയ്തു വച്ച 60 ഏക്കറിലെയും നെൽക്കൃഷിയാണ് നശിച്ചത്. വെള്ളം കെട്ടിക്കിടക്കുന്നതു കൊണ്ട് കൊയ്ത്തു യന്ത്രങ്ങൾ ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്.





