
എസ്എസ്എൽസി ഉത്തര പേപ്പർ മാറി മൂല്യ നിർണ്ണയം നടത്തിയ സംഭവത്തിൽ തിരുത്തലുമായി വിദ്യഭ്യാസ വകുപ്പ്. കോട്ടപ്പുറം സെന്റ് ആൻസ് സ്കൂൾ വിദ്യാർത്ഥിനിയുടെ പരീക്ഷ പേപ്പറിലെ പിഴവാണ് തിരുത്തി നൽകിയത്. പുതുക്കിയ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ആൻറിയ സെലസ്റ്റിന് ഹിന്ദിയിൽ എ പ്ലസ് മാർക്കാണ് ലഭിച്ചത്.
ഉത്തരേ പേപ്പറുകൾ മാറി മൂല്യ നിർണ്ണയം നടത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് ട്വന്റിഫോർ പുറത്തുവിട്ടത്. ഇതിലാണ് വിദ്യഭ്യാസ വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. ആൻറിയ സെലസ്റ്റിന് ഹിന്ദിക്ക് ലഭിച്ചത് ബി പ്ലസ് ആയിരുന്നു.
ഉത്തര പേപ്പർ വാങ്ങി പരിശോധിച്ചപ്പോഴാണ് അത് തന്റേതല്ലെന്ന് ആന്റിയയ്ക്ക് മനസിലാകുന്നത്. തുടർന്ന് അധികൃതരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയായിരുന്നു ട്വന്റിഫോറിന്റെ ഇടപെടൽ.
ഉത്തര പേപ്പർ പുനർ മൂല്യ നിർണ്ണയം നടത്തിയ വിദ്യഭ്യാസ വകുപ്പ് മാർക്ക് തിരുത്തി നൽകി. പുതുക്കിയ മാർക്ക് പ്രകാരം ഹിന്ദിയിൽ ബി പ്ലസിന്റെ സ്ഥാനത്ത് എ പ്ലസ് ആണ് ആൻറിയയ്ക്ക് ലഭിച്ചത്.
സംഭവത്തിൽ മൂല്യനിർണ്ണയ കേന്ദ്രത്തിലെ അധ്യാപകർക്കെതിരെ വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. സെന്റ് ആൻസ് സ്കൂളിൽ പരീക്ഷാ ഹാളിലെ ഇൻ വിജിലേറ്റർക്കടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോപണം.