മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്. ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാർ ആണ് ജനറേറ്ററുകൾ നിന്നു പോകാൻ കാരണമെന്നായിരുന്നു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. 400 മേഗവാട്ട് വൈദ്യുതി പുറത്ത് നിന്നും വാങ്ങിയാണ് ഇന്നലെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിയത്. ജനറേറ്ററുകൾ തകരാറിലായത്തോടെ 300 മെഗാവാട്ട് വൈദ്യുതിയുടെ നഷ്ടം സംഭവിച്ചിരുന്നു.
ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ഭാഗീക ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതായും കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാൽ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയതോടെ തീരുമാനം കെഎസ്ഇബി പിൻവലിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിച്ചാണ് അധികൃതർ പ്രതിസന്ധി തരണം ചെയ്തത്.