രണ്ട് നീതിയോ? മരിച്ചു വീണത് തട്ടുകടക്കാരൻ, ഇടിച്ച് വീഴ്ത്തിയത് ജഡ്ജിയുടെ മകൻ; മുട്ടുവിറക്കുന്നത് ആർക്കെല്ലാം

കൊച്ചി: ചേരാനല്ലൂരിൽ ഒരു ജീവൻ പൊലിഞ്ഞിട്ട് മണിക്കൂറുകൾ കഴിയും മുൻപേ നിയമം അതിന്റെ ഇരട്ട മുഖം കാണിച്ചോ? മാഞ്ഞാലി സ്വദേശി തട്ടുകടക്കാരൻ ജയബാലകൃഷ്ണൻ (55) സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ, ലൈസൻസില്ലാത്ത പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചു കൊന്ന കേസാണ് കേരളത്തിന്റെ നീതിബോധത്തെ ഞെട്ടിക്കുന്നത്.
പ്രതി ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ്. അപകടമുണ്ടായ ഉടൻ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച പ്രതിക്ക് പോലീസ് ചെയ്തത് എന്ത്? ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) എന്നീ ജാമ്യം ലഭിക്കാവുന്ന ലഘുവകുപ്പുകൾ മാത്രം ചുമത്തി, ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പോലും ഹാജരാക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ വീട്ടിലേക്ക് അയച്ചു.
അച്ഛന്റെ ചിതയെരിയും മുൻപേ നീതി തേടി മക്കൾ രാത്രി ചേരാനല്ലൂർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നപ്പോൾ അവർ ചോദിച്ച ചോദ്യം ഈ നാട് കേൾക്കണം –
“ഞങ്ങളുടെ അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, അച്ഛന്റെ മൃതദേഹം കിട്ടുന്നതിനു മുൻപ് സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു. കാരണം ഞങ്ങളുടെ അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജഡ്ജിയുടെ മകനുമാണ്. നിയമം ഇവിടെ രണ്ടു രീതിയിലാണോ?”
ജയബാലകൃഷ്ണന്റെ മകളുടെ വാക്കുകൾ നീതി നിഷേധത്തിന്റെ നേർക്കാഴ്ചയാണ്. “ഒരിക്കൽ അച്ഛനൊപ്പം ഒരു പരാതി നൽകാൻ ഈ സ്റ്റേഷനിൽ വന്നിട്ടുണ്ട്. അന്ന് എന്റെ അച്ഛനെ തെറി വിളിച്ചവരാണ് ഈ പോലീസ്. ഇന്ന് അവർക്ക് മറുപടിയില്ല. നീ എന്നെ നിയമം പഠിപ്പിക്കരുത് എന്നാണ് പ്രതിയുടെ അച്ഛനായ ജഡ്ജി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഞങ്ങളുടെ ഫോൺ വാങ്ങി ചിത്രങ്ങൾ പോലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു” – എന്നും മകൾ ആരോപിച്ചു. പ്രതിഷേധത്തിനിടെ മകൾ കുഴഞ്ഞുവീണ് ആശുപത്രിയിലായി.
ജനരോഷവും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുടെ പ്രതിഷേധവും ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും ഉണ്ടായപ്പോൾ മാത്രമാണ് പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയായ BNS 105 ചുമത്തി പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് രാത്രി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. ബോർഡ് പിന്നീട് പ്രതിക്ക് വീണ്ടും ജാമ്യം അനുവദിച്ചു.
ചോദ്യം അവശേഷിക്കുന്നു. പ്രതി സാധാരണക്കാരന്റെ മകനായിരുന്നെങ്കിൽ ഇതേ നടപടിയാകുമായിരുന്നോ? പ്രായപൂർത്തിയാകാത്തവന് വാഹനം നൽകിയ ഉടമയ്ക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ ഇത്രയും കാലതാമസം വേണമായിരുന്നോ?അച്ഛന്റെ മൃതദേഹത്തിന് മുൻപിൽ നിന്ന് നീതിക്കായി കേഴുന്ന മക്കളുടെ ചിത്രം, ഈ നാട്ടിലെ നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ഇനിയെങ്കിലും തെളിയിക്കാൻ പോലീസിനോടും നീതിന്യായ വ്യവസ്ഥയോടും ആവശ്യപ്പെടുന്നു.





