
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടത്തിയ റേസിങ്ങില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. റേസിങ്ങിന് ഉപയോഗിച്ച കാര്‍, കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പിഴ ചുമത്താനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പലും അറിയിച്ചു.
യാത്രയയപ്പ് ദിനത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ കാറുകളും ബൈക്കുകളുമായി സ്കൂള്‍ അങ്കണത്തില്‍ എത്തിയതും റേസിങ് നടത്തിയതും. റേസിങ്ങിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തു. എന്നാല്‍ പരുക്ക് ഗുരുതരമല്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത മോട്ടോര്‍വാഹനവകുപ്പ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഉടന്‍ പിടികൂടും.
വാഹനങ്ങളോടിച്ച വിദ്യാര്‍ഥികളെല്ലാം 19കാരാണ്. അതിനാല്‍ ലൈസന്‍സ് ഉണ്ടാകാമെന്നാണ് നിഗമനം. പത്ത് വിദ്യാര്‍ഥികളാണ് റേസിങ് വാഹനങ്ങള്‍ സ്കൂളിലെത്തിച്ചതിന് പിന്നില്‍. ഇവര്‍ക്കെതിരെ എന്തു നടപടി വേണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് വാഹനങ്ങള്‍ കൊണ്ടുവന്നതെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.





