Kerala

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും; ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ

Please complete the required fields.




ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.

ഫോളോവേഴ്‌സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാൻ ആകില്ലെന്നും ഇ ബുൾ ജെറ്റിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൾട്ടറേഷനുകൾ എല്ലാം മാറ്റി വന്നില്ലെങ്കിൽ ആർസി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെയാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു.

കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് സമ്മതിച്ച് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയിൽ അഭിഭാഷകൻ മുഖേന ഇന്ന് അറിയിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴായിരത്തോളം രൂപ പിഴയാണ് ഈ കേസിൽ മാത്രം എബിനും ലിബിനുമെതിരായി ചുമത്തിയിരിക്കുന്നത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള കേസുകൾ മോട്ടോർ വാഹന വകുപ്പ് പരിധിയിലാണ് വരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പിഴ സംബന്ധിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും ആർടിഒ എൻഫോഴ്സ്മെന്റിന് കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

Related Articles

Leave a Reply

Back to top button