
കോഴിക്കോട്: ജില്ലയിൽ കോവിഡ് മരണങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണം അതിവേഗം പുരോഗമിക്കുന്നു. ഇതുവരെ അപേക്ഷ നൽകിയ 5551 പേരിൽ 5376 പേർക്ക് നഷ്ടപരിഹാരം നൽകി. കോവിഡ് ബാധിച്ചു മരിച്ചവരുടെ അനന്തരാവകാശികൾക്കുള്ള 50000 രൂപയുടെ നഷ്ടപരിഹാരം സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണു വിതരണം ചെയ്തു തുടങ്ങിയത്. അതേസമയം അഞ്ഞൂറോളം പേർക്ക് ഇനിയും തുക ലഭിക്കാനുണ്ടെന്നാണു കണക്കുകൾ. ജില്ലയിൽ ഇതുവരെ 6087 മരണങ്ങളാണു കോവിഡ് മൂലമുണ്ടായത് എന്നാണു സ്ഥിരീകരിച്ചിരിക്കുന്നത്.
ബാക്കിയുള്ള അഞ്ഞൂറോളം പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരേ മരണം ഒന്നിലേറെ വിലാസങ്ങളിൽ രേഖപ്പെടുത്തിയതു കൊണ്ടുള്ള ആവർത്തനമാകാം ഇതെന്നാണു കരുതുന്നത്. നേരത്തെ ജില്ലാ മെഡിക്കൽ ഓഫിസർ ഒപ്പിട്ട ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ ഒട്ടേറെ പേർക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയായിരുന്നു. ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനായി ആശുപത്രിയിൽ നിന്നു ലഭിക്കേണ്ട രേഖകൾ വൈകുന്നതായിരുന്നു കാരണം. എന്നാൽ നഷ്ടപരിഹാരം വൈകരുതെന്നു സുപ്രീംകോടതി താക്കീത് നൽകിയതോടെ സംസ്ഥാന സർക്കാർ രേഖകളിൽ ഇളവു നൽകി.
തുടർന്നാണ് ഒരു മാസത്തിനുള്ളിൽ കൂടുതൽ പേർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവസരമൊരുങ്ങിയത്. കോവിഡ് മൂലം മരണമടഞ്ഞയാളുടെ ജീവിത പങ്കാളികൾക്കോ മക്കൾക്കോ, ഏറ്റവും അടുത്ത അനന്തരവകാശികൾക്കോ ആണു ധനസഹായം കൈമാറുന്നത്. അപേക്ഷകൾ അംഗീകരിച്ച് ഇവരുടെ ബാങ്ക് അക്കൗണ്ട് വഴിയാണു തുക വിതരണം ചെയ്യുന്നത്. നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാത്തവരെ തദ്ദേശ സ്ഥാപന പ്രതിനിധികൾ വഴി കണ്ടെത്തി അപേക്ഷ വാങ്ങിപ്പിച്ചാണു പലയിടത്തും നഷ്ടപരിഹാരം വിതരണം ചെയ്തത്.
ധനസഹായ വിതരണ കണക്ക് ഇങ്ങനെ
∙ സംസ്ഥാനത്ത് ആകെ അപേക്ഷകൾ– 61790
∙ ധനസഹായം നൽകിയത്– 57145
∙ ജില്ലയിലെ ആകെ അപേക്ഷകർ– 5551
∙ ധനസഹായം നൽകിയത്– 5376





