Kozhikode

പൊയിലോംചാലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Please complete the required fields.




കുറ്റ്യാടി : കാവിലുംപാറ പൊയിലോംചാൽ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി ഏക്കർകണക്കിന് ഭൂമിയിലെ കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ചയോടെ പൊയിലോംചാൽ പുത്തൻപീടികയിലാണ് ആനക്കൂട്ടമിറങ്ങിയത്.

വിളിക്കല്ലുങ്കൽ ഷാബു, വിളിക്കല്ലുങ്കൽ കേശവൻ, വിളിക്കല്ലുമ്മൽ തങ്കമ്മ, വിളിക്കല്ലുമ്മൽ ബാബു, വിളിക്കല്ലുമ്മൽ വിദ്യാധരൻ, സാബു വിളിക്കല്ലുമ്മൽ, വിളിക്കല്ലുമ്മൽ വിനോദ്, കടത്തലക്കുന്നേൽ തങ്കച്ചൻ, വർക്കി കടത്തലകുന്നേൽ, ആലപ്പാട്ട് ജോണിക്കുട്ടി എന്നിവരുടെ ഏക്കർകണക്കിന് കൃഷിയിടത്തിലെ തെങ്ങ് കവുങ്ങ്, ഗ്രാമ്പു, ജാതി, വാഴ, കുരുമുളക് വള്ളി എന്നിവയാണ് ആനക്കൂട്ടം പിഴുതെറിഞ്ഞത്. സ്ഥലത്തെ സൗമിനി ഷാജന്റെ വീടിനോടുചേർന്ന കൃഷിയിടത്തിലെ ഷെഡ്ഡും പൂർണമായും തകർത്തു. ഇവരുടെ വീടിനു സമീപംവരെ കാട്ടാനക്കൂട്ടമിറങ്ങി സമീപപ്രദേശത്തെ കൃഷിയും കുടിവെള്ളം ശേഖരിക്കുന്ന ടാങ്കും, വെള്ളമെത്തിക്കുന്ന പൈപ്പും തകർത്തിട്ടുണ്ട്.

പുത്തൻപീടിക, ചീരോത്തുംകുളം സർക്കാർവനത്തിൽനിന്നാണ് ആനക്കൂട്ടമിറങ്ങുന്നത്. ജനവാസകേന്ദ്രത്തിലെത്തുന്ന കാട്ടാനക്കൂട്ടം ദിവസങ്ങളോളം പ്രദേശത്ത് താവളമടിക്കുന്നത് ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി തീർന്നിരിക്കുകയാണ്. കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ജില്ലാപഞ്ചായത്ത് അംഗം സി.എം. യശോദ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഗീതാരാജൻ, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, സാലിസജി എന്നിവർ സന്ദർശിച്ചു.മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പൊയിലോംചാലിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ച ജനപ്രതിനിധിസംഘം അധികൃതരോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button