
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാലു കൊല്ലം.നീതിക്കായുള്ള കാത്തിനിരിപ്പിനിടെ അനുഭവിക്കേണ്ടിവന്നത് ഭീഷണയും ഒറ്റപ്പെടുത്തലുമെന്ന് മധുവിന്‍റെ സഹോദരി സരസു പറഞ്ഞു.സാക്ഷികളിൽ ചിലർ കൂറുമാറിയാലും കേസ് ജയിക്കാനുള്ള തെളിവുകള്‍ വേറെയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരുമടങ്ങുന്ന പതിനാറംഗ സംഘം ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ മധുവിന്‍റെ കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. കേസില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വീടികയറി അക്രമിക്കാന്‍ ശ്രമിച്ചു. ഊരില്‍ നിന്നടക്കം ഒറ്റപ്പെടുത്തിയതിന്‍റെ വേദന മധുവിന്‍റെ സഹോദരിയുടെ വാക്കുകളിലുണ്ട്. ഇപ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്തവരെന്ന് മധുവിന്‍റെ അമ്മ പേടിയോടെ പറയുന്നു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്‍റെ കേസിന് ജീവന്‍ വച്ചത്. എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാര്‍കാട് കോടതി തീരുമാനം. പ്രതികളുമായി അടുത്ത ബന്ധമുള്ളതിനാൽ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത പ്രോസിക്യൂഷനും തള്ളുന്നില്ല. എന്നാല്‍ അതിനെ മറികടക്കാനാവുമെന്നാണ് ആത്മവിശ്വാസം
2018 ഫെബ്രുവരി 22 ന് ഉച്ചയോടെ ആള്‍ക്കൂട്ടം മധുവിനെ കാട്ടില്‍ കയറി പിടിച്ച് മുക്കാലിവരെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
അട്ടപ്പാടി മധുകൊലക്കേസിൽ ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. നാലുവർഷമായിട്ടും മധുകേസിൽ വിചാരണ നടപടികൾ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
രണ്ട് കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മധു കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാധ്യമങ്ങളിലടക്കം ചർച്ചയായത്. മണ്ണാര്‍ക്കാട് കോടതിയിൽ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതിക്ക് ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.





