
കോഴിക്കോട്: സ്പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ് വൺ (എസ്.എം.എ.) എന്ന അപൂർവരോഗം ബാധിച്ച് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഫാത്തിമ മരിച്ചത് വെന്റിലേറ്ററിൽ നിന്ന് മാറ്റിയശേഷം. ഓമശ്ശേരി കിഴക്കോത്ത് പൂവ്വത്തൊടുക തെറ്റുമ്മൽ അബൂബക്കറിന്റെ ഒന്നര വയസ്സുകാരി ഫാത്തിമ ഹൈസൽ ആറുമാസത്തിലേറെയായി വെന്റിലേറ്ററിലായിരുന്നു.
രണ്ടുദിവസം ഭാഗികമായി വെന്റിലേറ്ററിൽനിന്ന് മാറ്റി കുട്ടിക്ക് സ്വന്തമായി ശ്വാസോച്ഛ്വാസത്തിന് സാധിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കളുടെ ആവശ്യപ്രകാരം പരിശോധിച്ചിരുന്നു. ദിവസം 16 മണിക്കൂർ വെന്റിലേറ്ററിൽനിന്ന് പുറത്ത് സ്വയം ശ്വാസോച്ഛ്വാസം നടത്തിയാലേ 18 കോടി രൂപ വിലവരുന്ന ഒനാസെമ്‌നോജിൻ (സോൾഗെൻസ്മ) മരുന്ന് ഫലപ്രദമാകൂ.
രണ്ടുവയസ്സിനുള്ളിൽ മരുന്ന് നൽകണമെന്നതിനാൽ പലതവണ വെന്റിലേറ്ററിൽ നിന്ന് ഭാഗികമായി മാറ്റിനോക്കിയെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് പിതാവ് അബൂബക്കർ പറഞ്ഞു. കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് മരിച്ചത്. മാതാവ്: റാഷിഫ. ആയിഷ ജസയാണ് ഏകസഹോദരി.