
കോഴിക്കോട്: മട്ടന്നൂർ വെളിയമ്പ്രം കുഞ്ഞൻവീട്ടിൽ ഷെഫീഖ് എന്ന ഇരുപത്തെട്ടുകാരൻ നിർവഹിച്ച ദൗത്യം ആംബുലൻസ് ഡ്രൈവർമാരുടെ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഏഴു വയസ്സുകാരന് അത്യാവശ്യം നൽകേണ്ട ജീവൻരക്ഷാ മരുന്നുമായി ഷെഫീഖ് 420 കിലോമീറ്റർ ദൂരം താണ്ടിയത് വെറും 5 മണിക്കൂർ കൊണ്ട്. ബെംഗളൂരു കെഎംസിസി ആംബുലൻസ് ഡ്രൈവറായ ഷെഫീഖിന് ചൊവ്വാഴ്ച വൈകിട്ടാണു ദൗത്യം ഏറ്റെടുക്കാനുള്ള നിർദേശം ലഭിച്ചത്. അതിവേഗത്തിലും ശ്രദ്ധയോടെയും ഒറ്റയിരുപ്പിൽ ആംബുലൻസ് ഓടിക്കേണ്ട ദൗത്യം ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു. രോഗത്തോടു മല്ലടിക്കുന്ന ഏഴു വയസ്സുകാരൻ മനസ്സിൽ നിറഞ്ഞു.
വൈകിട്ട് 4.30നു ബെംഗളൂരു ഹെബാളിലെ ആസ്റ്റർ ഹോസ്പിറ്റലിന്റെ മുറ്റത്തുനിന്ന് മരുന്നുമായി കെഎംസിസി പ്രവർത്തകർ ആംബുലൻസിൽ കയറി. സ്പീഡോ മീറ്റർ പലപ്പോഴും 120 വരെ ഉയർന്നു. വഴിയിൽ കർണാടക പൊലീസും ബെംഗളൂരു, മൈസൂരു കെഎംസിസി പ്രവർത്തകരും റോഡ് സേഫ്റ്റി സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും തടസ്സങ്ങൾ നീക്കി ആംബുലൻസിനു പച്ചക്കൊടി കാണിച്ചുകൊണ്ടിരുന്നു.
7 മണിയോടെ മൈസൂരു പിന്നിട്ടു. രാത്രി എട്ടോടെ മുത്തങ്ങ കാടു താണ്ടി കേരളത്തിലേക്കു പ്രവേശിച്ചു. പിന്നീട് കേരള പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും പൊതുജനങ്ങളും റോഡ് തടസ്സങ്ങൾ നീക്കിക്കൊണ്ടിരുന്നു. താമരശ്ശേരി ചുരം ഇറങ്ങി രാത്രി ഒൻപതരയോടെ ആംബുലൻസ് ആസ്റ്റർ മിംസ് ആശുപത്രിയുടെ മുറ്റത്തെത്തി നിന്നു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും മരുന്ന് ഏറ്റുവാങ്ങി ഐസിയുവിൽ കഴിയുന്ന കുട്ടിക്കു നൽകാൻ കാത്തുനിൽക്കുകയായിരുന്നു. ഉടൻ ചികിത്സ ആരംഭിക്കുകയും ചെയ്തു. വലിയ ദൗത്യം നിർവഹിച്ചതിന്റെ ചാരിതാർഥ്യത്തോടെ ഷെഫീഖ് ആശുപത്രി മുറ്റത്തേക്കിറങ്ങി.





