‘ഈശോ’ ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന സിനിമ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപണം. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ തന്നെ രജിസ്റ്ററേഷൻ നടപടികൾ സ്വീകരിക്കണം എന്നതാണ് ചട്ടം. എന്നാൽ ഈശോ എന്ന ചിത്രം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ഭാരവാഹികൾ പറയുന്നത്. എക്സ്ക്യൂട്ടിവ് കമ്മറ്റി കൂടിയ ശേഷം മാത്രമേ ചിത്രത്തിന്റെ രജിസ്റ്ററേഷൻ വിഷയത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു. ഈ മാസം അവസാനം മാത്രമായിരിക്കും എക്സ്ക്യൂട്ടിവ് യോഗം ചേരുകയുള്ളു.
സംവിധായകൻ നാദിർഷ ഈശോ എന്ന ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കിയിരുന്നു അതേസമയം, സിനിമയുടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാറ്റുമെന്നും നാദിർഷ പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നു ചില ക്രിസ്ത്യൻ സംഘടനകളും വൈദികകരും വിമർശനം ഉയർത്തിയിരുന്നു. തുടർന്നാണ് നാദിർഷ വിശദീകരണവുമായി രംഗത്ത് വന്നത്. താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ കൂട്ടിച്ചേർത്തു.
നാദിർഷയുടെ ഫേസ്ബുക്ക് കുറിപ്പ്
ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാത്രം മാറ്റും. അല്ലാതെ തൽക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, നാദിർഷ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ സിനിമകൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. കേശു ഈ വീടിന്റെ നാഥനിൽ ദിലീപും ഈശോയിൽ ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ പറയുന്ന ഏതു ശിക്ഷക്കും തയ്യാറാണ്, നാദിർഷ പറഞ്ഞു.