മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. മുണ്ടപ്പറമ്പ് കോളേജ് ജങ്ഷനിൽ ഇന്ന് രാവിലെ എട്ടരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
കിഴിശ്ശേരി മുണ്ടുപറമ്പ് കോളേജ് പടിക്കൽ വിളയിൽ നിന്നും വരികയായിരുന്ന ‘എ.ടി.എസ്’ ബസും, കൊണ്ടോട്ടി-അരീക്കോട് റൂട്ടിലോടുന്ന ‘റോഡ് കിങ്’ ബസുമാണ് കൂട്ടിയിടിച്ചത്. സ്കൂൾ-കോളേജ് വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ രണ്ട് ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരെ കിഴിശ്ശേരിയിലെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.





