Malappuram

കേരളപ്പിറവിക്ക് കാലിക്കറ്റിന്റെ ഗോള്‍വിരുന്ന്; മലപ്പുറത്തിന് 6-2ന്റെ തോല്‍വി

Please complete the required fields.




മഞ്ചേരി: കേരളപ്പിറവിദിനത്തില്‍, കാണികള്‍ ആവേശത്തിരയിളക്കിയ പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന തീപാറും മലബാര്‍ ഡെര്‍ബിയില്‍ കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം. ചിരവൈരികളായ മലപ്പുറം എഫ്‌സിയെ അവരുടെ ഗ്രൗണ്ടില്‍ (6-2) ന് തകര്‍ത്തുവിട്ടു. വിജയികള്‍ക്കായി ഫെഡറിക്കോ ബുവാസോ, ലിയോ ഡേവിഡ് എന്നിവര്‍ രണ്ട് ഗോള്‍ വീതവും അലക്‌സിസ് സോസ, കാല്‍വിന്‍ തോമസ് എന്നിവര്‍ ഓരോ ഗോളുമടിച്ചു. മലപ്പുറത്തിന്റെ ആശ്വാസ ഗോളുകള്‍ ക്യാപ്റ്റന്‍ അമദു സുക്കൂന, ഹാദിച്ച് എന്നിവരുടെ ബൂട്ടില്‍ നിന്ന്.

ആറ് റൗണ്ട് മത്സരം പൂര്‍ത്തിയാവുമ്പോള്‍ 14 പോയന്റുമായി കാലിക്കറ്റ്, വൈറ്റ് ഗോള്‍ഡ് സൂപ്പര്‍ ലീഗ് കേരളയുടെ പട്ടികയില്‍ ഒന്നാമതാണ്. എട്ട് പോയന്റുമായി മലപ്പുറം മൂന്നാമത്.

കാലിക്കറ്റിന്റെ കിക്കോഫില്‍ തുടങ്ങിയ മത്സരത്തില്‍ ഒന്നാം മിനിറ്റില്‍ തന്നെ മലപ്പുറത്തിന്റെ ആക്രമണം കണ്ടു. ഇടതുവിങ്ങിലൂടെ നടത്തിയ വേഗതയേറിയ ബില്‍ഡപ്പില്‍ ബിലാലിന്റെ പാസ് സ്വീകരിച്ച മെഹ്ദി ബോക്സില്‍ നിന്ന് ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 20-ാം മിനിറ്റില്‍ കൈയ്യാങ്കളിയിലും വാക്ക് തര്‍ക്കത്തിലും ഏര്‍പ്പെട്ട മലപ്പുറത്തിന്റ അബ്ദുല്‍ ഹക്കു, ഡാനിയല്‍ ലാലാംപൂയ കാലിക്കറ്റിന്റെ അലക്‌സിസ് സോസ എന്നിവര്‍ മഞ്ഞക്കാര്‍ഡ് കണ്ടു. 31-ാം മിനിറ്റില്‍ കാലിക്കറ്റ് ക്യാപ്റ്റന്‍ മനോജ് പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് അജിന്‍. 37-ാംമിനിറ്റില്‍ എല്‍ഫോര്‍സിയുടെ ത്രൂബോള്‍ സ്വീകരിച്ച് മുന്നേറി ഡാനിയല്‍ ലാലാംപൂയ പായിച്ച ഷോട്ട് കാലിക്കറ്റ് പ്രതിരോധം കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു.
ആദ്യപകുതി അവസാനിക്കാനിരിക്കെ, അഞ്ച് മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് കാലിക്കറ്റ് ആതിഥേയരെ ഞെട്ടിച്ചു. 40-ാം മിനിറ്റില്‍ കാല്‍വിന്‍ തോമസ് ഓടിപ്പിടിച്ച പന്ത് ഗോളാക്കി മാറ്റി(1-0). രണ്ട് മിനിറ്റിന് ശേഷം അലക്‌സിസ് സോസ കോര്‍ണറില്‍ നിന്ന് രണ്ടാം ഗോള്‍ നേടി (2-0). 45-ാം മിനിറ്റില്‍ ലിയോ ഡേവിഡ് മലപ്പുറം പോസ്റ്റില്‍ മൂന്നാം ഗോളും നിക്ഷേപിച്ചു (3-0).

രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ കാലിക്കറ്റിന്റെ നാലാം ഗോള്‍ വന്നു. ബോക്‌സിന് പുറത്തു നിന്നുള്ള ഫെഡറിക്കോ ബുവാസോയുടെ കരുത്തുറ്റ ഷോട്ട് മലപ്പുറം ഗോളി ധീരജ് സിംഗിന് ഒരവസരവും നല്‍കിയില്ല (4-0). തൊട്ടടുത്ത മിനിറ്റില്‍ മലപ്പുറം ക്യാപ്റ്റന്‍ അമദു സുക്കൂന റീബൗണ്ട് ബോളില്‍ ഒരു ഗോള്‍ മടക്കി (4-1). പിന്നാലെ ഫ്രഞ്ച് താരം പരിക്കേറ്റ് കളം വിട്ടു. 73-ാം മിനിറ്റില്‍ കാലിക്കറ്റിന്റെ അഞ്ചാം ഗോള്‍. ഇടതുവിങില്‍ നിന്ന് ലിയോ ഡേവിഡിന്റെ കാലില്‍ നിന്ന് പോയ കര്‍വിങ് ഷോട്ട് മലപ്പുറത്തിന്റെ പോസ്റ്റില്‍ കയറി (5-1). 79-ാം മിനിറ്റില്‍ മനോഹരമായ പ്ലയിസിങ് ഗോളിലൂടെ ഫെഡറിക്കോ ബുവാസോ സ്‌കോര്‍ (6-1) ആക്കി. ഇഞ്ചുറി സമയത്ത് മലപ്പുറം ഹാദിച്ചിലൂടെ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു (6-2).

ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച (നവംബര്‍ 6) മലപ്പുറം എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സിയുമായി മത്സരിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തില്‍ മത്സരിച്ചപ്പോള്‍ ഒരു ഗോളിന് കൊച്ചിക്കായിരുന്നു വിജയം.

Related Articles

Back to top button