Kozhikode

മന്ത്രിയുടെ ഉറപ്പ്; കോഴിക്കോട്ടെ പിരിച്ചുവിട്ട 5 വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെ ലഭിക്കും

Please complete the required fields.




കോഴിക്കോട്: ഒരു തെറ്റുംചെയ്യാതെ സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ട അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർക്ക് ജോലി തിരികെക്കിട്ടും. മന്ത്രിസഭായോഗം ഇവരുടെ പ്രശ്‌നം പരിഗണിച്ച്, അനുകൂലതീരുമാനമെടുക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകി. ഇതോടെ വനിതാ ടൈപ്പിസ്റ്റുമാർ മൂന്നുദിവസമായി കളക്ടറേറ്റിനുമുന്നിൽ തുടരുന്ന സമരം അവസാനിപ്പിച്ചു.

കോഴിക്കോട് കളക്ടറേറ്റിലെ ക്ലാർക്ക് ടൈപ്പിസ്റ്റുമാരായ എം.കെ. ഷിങ്കി, കെ. സ്മിത, കുന്ദമംഗലം ഡെപ്യൂട്ടി തഹസിൽദാർ ഓഫീസിലെ വി. ആരിഫ, കൊയിലാണ്ടി അഡീഷണൽ ഗവ.പ്ലീഡർ ഓഫീസിലെ പി.ആർ. അഖിന, വടകര അഡീഷണൽ ഗവ. പ്ലീഡർ ഓഫീസിലെ എസ്. അമൃത എന്നിവരാണ് പി.എസ്.സി. വഴി ജോലിയിൽ കയറി രണ്ടരവർഷത്തിനുശേഷം പിരിച്ചുവിടപ്പെട്ടത്. പിരിച്ചുവിട്ടതിനെതിരേ കളക്‌ടറേറ്റിനുമുന്നിൽ ഇരിക്കുകയായിരുന്നു അഞ്ചുപേരും. ചൊവ്വാഴ്ചയാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ഉറപ്പുനൽകിയത്.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗം ഇവരുടെ വിഷയം പരിഗണിക്കും. നിലവിൽ ഒഴിവില്ലാത്തതുകൊണ്ടും ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാലും പുതിയ തസ്തിക സൃഷ്ടിച്ചാവും പുനർനിയമനം നൽകുക. ഇതിന് ധനകാര്യവകുപ്പിന്റെ കൂടി അനുമതി വേണം. അതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നാണ് റവന്യൂമന്ത്രിയുടെ ഒാഫീസ് നൽകിയ ഉറപ്പ്. രണ്ടരവർഷത്തെ സർവീസ് നഷ്ടപ്പെടാത്തരീതിയിൽ പുനർനിയമനം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചതായി സമരക്കാർ പറഞ്ഞു.

എ.ഡി.എമ്മുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സമരം പിൻവലിച്ചത്. ഇവരുടെ കാരണംകൊണ്ടല്ലാതെ ജോലി നഷ്ടപ്പെട്ടതുകൊണ്ട് പുതിയ തസ്തിക സൃഷ്ടിച്ച് അഞ്ചുപേരുടെയും പുനർനിയമനം നടത്തണമെന്ന് തിങ്കളാഴ്ച കളക്ടർ എം.എസ്. മാധവിക്കുട്ടി ലാൻഡ് റവന്യൂ കമ്മിഷണർക്ക് അർധ ഔദ്യോഗിക കത്തും നൽകിയിരുന്നു. എല്ലാ സാഹചര്യങ്ങളും വിശദീകരിച്ചുകൊണ്ടുള്ള കത്താണ് കൈമാറിയത്.

ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ഉണ്ടായിരുന്ന മറ്റു അഞ്ചുപേർക്ക് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഇടപെട്ട് സർവീസിൽ കയറി ആറുമാസംകൊണ്ട് ക്ളാർക്കായി സ്ഥാനക്കയറ്റം നൽകിയിരുന്നു. ആ ഒഴിവിലാണ് ഈ അഞ്ചുപേരും പി.എസ്.സി. വഴി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ജോലിയിൽ കയറിയത്. എന്നാൽ, നിയമവിരുദ്ധമായ സ്ഥാനക്കയറ്റം ട്രിബ്യൂണൽ റദ്ദാക്കിയതോടെ ഇവരെ ടൈപ്പിസ്റ്റായി തരംതാഴ്ത്തി. ഇതോടെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ഒഴിവില്ലാതായതോടെയാണ് ഷിങ്കി ഉൾപ്പെടെ അഞ്ചുപേരെ 20-ന് ചൊവ്വാഴ്ച പിരിച്ചുവിട്ടത്. മറ്റ് ഉദ്യോഗസ്ഥർ ചെയ്ത വീഴ്ചയുടെ ബലിയാടായി മാറേണ്ടിവന്നതോടെ പ്രതിഷേധവുമായി ഇവർ രംഗത്തിറങ്ങുകയായിരുന്നു.

Related Articles

Back to top button