വീട്ടുകാര്‍ ഡയാലിസിസിന് പോയ സമയം നോക്കി കവർച്ച; കോഴിക്കോട് സ്വദേശിയായ ആയുര്‍വേദ വിദ്യാര്‍ഥി പിടിയില്‍

മലപ്പുറം: രോഗിയെ ഡയാലിസിസിനായി ആശുപത്രിയിൽ കൊണ്ടുപോയ സമയം നോക്കി വീടുപൂട്ടി പോയ വീട്ടിൽ കയറി നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവർന്ന കേസിൽ യുവാവ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി എകരൂർ പൂനൂർ സ്വദേശി അനന്തു ബി.എം (21) ആണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്.
കൊണ്ടോട്ടി ബസ് സ്റ്റാന്റിന് പിന്നിലുള്ള തൈത്തോട്ടത്തിൽ താമസിക്കുന്ന കോഴിക്കോടൻ മൊയ്തീൻകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. ആയുർവേദ ഉഴിച്ചിൽ പഠനത്തിനായി അനന്തു ഒന്നര മാസത്തോളമായി കൊണ്ടോട്ടിയിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് വീട്ടുകാർ ഇല്ലാത്ത സമയം കൃത്യമായി മനസ്സിലാക്കി ഇയാൾ മോഷണം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീട്ടിലെ രോഗിയെ ഡയാലിസിസിനായി കുടുംബാംഗങ്ങൾ മുക്കത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. രാവിലെ പോയ കുടുംബം രാത്രി തിരികെയെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലായത്.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊണ്ടോട്ടി പോലീസ് വീടും പരിസരവും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. കൊണ്ടോട്ടിയിൽ താമസിച്ച കാലയളവിൽ പ്രതി നടത്തിയിട്ടുള്ള മറ്റ് ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.





