ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു, വീടുകൾ ആക്രമിക്കപ്പെട്ടു…വീണാ ജോർജ്ജ് മാപ്പ് പറയണം’; വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണത്തിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ കഴിയാതെ 16 ദിവസത്തോളം വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി എംഎൽഎ.
വീണ ജോർജിൻ്റെ വിശ്വസ്തനായിരുന്ന ഗൺമാനാണ് മൊഴി മാറ്റിയത്. സംഭവിക്കാത്ത കാര്യങ്ങളാണ് അന്ന് മൊഴിയായി വന്നത്. വീണ ജോർജിൻ്റെ വിശ്വസ്തനായിരുന്ന ഗൺമാനോട് മൊഴി മാറ്റാൻ പറയാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ.
വിഷയത്തിൽ ഇനിയെങ്കിലും വീണാ ജോർജ്ജ് മാപ്പ് പറയണം. സിപിഎമ്മും മാപ്പ് പറയണം. ഒരാൾ പറഞ്ഞ നുണയുടെ പേരിൽ നാട്ടിൽ കലാപം നടന്നു. വീടുകൾ ആക്രമിക്കപ്പെട്ടു. ഒരു കാര്യവുമില്ലാതെ കെഎസ്യു പ്രവർത്തകരെ ജയിലിൽ ഇട്ടുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
16 ദിവസം കെ എസ് യു നേതാക്കളെ ജയിലിൽ കിടത്തിയതെന്തിനാണെന്ന് മൊഴി നൽകിയ ശേഷം കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ചോദിച്ചു. അന്വേഷണത്തിൽ ഒരു മൊട്ട് സൂചി പോലും ലഭിച്ചിട്ടില്ല.
പിന്നെന്തിനാണ് വധശ്രമത്തിനു കേസെടുത്തത്? കേസെടുത്തതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അതുൽ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം വീണാ ജോർജ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നാണ് പോയത്.
തുടർന്ന് പരിക്കേറ്റതായി വരുത്തിതീർക്കുകയായിരുന്നെന്നുമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ആരോപണം. സംഭവത്തിന് തൊട്ടുപിന്നാലെ മന്ത്രി ആശുപത്രിയിൽ അഡ്മിറ്റ് ആകണമെന്ന് ആവശ്യപ്പെട്ട മുൻ സ്പീക്കർ എ.എൻ. ഷംസീർ എന്താ ഡോക്ടർ ആണോ? ഈ ഇടപെടൽ സംശയാസ്പദമാണെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.
ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥി നേതാക്കളെ വധശ്രമം പോലുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ജയിലിലടക്കാൻ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കെഎസ്യു നേതൃത്വം പ്രതികരിച്ചു.
മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസില്‍ തെറ്റായി മൊഴി നല്കിയ മുന്ഗണ്മാനെതിരെ എസ് ഐ ടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. വീണയുടെ മുന്‍ ഗണ്മാന് അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കുക.
കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് അക്രമിച്ചെന്ന മൊഴി വീണയുടെ നിര്‍ദേശ പ്രകാരമാണ് നല്‍കിയതെന്ന് അഭിലാഷ് എസ് ഐ ടിയോട് വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് നേരത്തെ കേസെടുത്തത്.അതേ സമയം കേസിലെ പ്രതികളായ കെ എസ് യു പ്രവര്‍ത്തകരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തുകയാണ്. എസ് ഐ ടി തലവന്‍ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരുടെ മൊഴിയെടുക്കുന്നത്.





