Ernakulam

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി, പിന്നാലെ രാഷ്ട്രീയ പോര്; ഫ്യൂസ് ഊരിയ വിഷ്ണു ഒടുവിൽ പിടിയിൽ

Please complete the required fields.




പറവൂർ: കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂർ പൊലീസ് പിടികൂടി. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം. വിഷ്ണു (34) ആണ് പുതുച്ചേരിയിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിശ്ചിത സമയത്തെ പവർ കട്ട് മൂലമുള്ള വൈദ്യുതി മുടക്കം പരാതിയായി നിലനിൽക്കുന്നതിനിടെയാണ് ഫ്യൂസ് ഊരിയതിനെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഈ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. കെഎസ്ഇബി ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ഫ്യൂസ് ഊരിയ ആളെ പൊലീസിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. സംഭവത്തിന് ഒരു വീട്ടമ്മയും ദൃക്സാക്ഷിയായിരുന്നു. ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് സിപിഎം പ്രവർത്തകനാണെന്ന് കോൺഗ്രസും, ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

തുടക്കത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെ വിഷ്ണു കേരളം വിട്ട് ഒളിവിൽ പോവുകയായിരുന്നു. ഏഴിക്കര സെക്ഷന്റെ പരിധിയിലുള്ള ചാകാത്തറ, ആവൂട്ടി പ്രദേശങ്ങളിലും സമാനമായ രീതിയിൽ ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ ഊരിക്കളഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button