Ernakulam

മൂന്ന് കൗമാരക്കാരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല

Please complete the required fields.




കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി.

ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നല്‍കിയ പ്രിയാദ് എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നല്‍കാന്‍ എങ്ങനെ കഴിയുമെന്നും മൊഴി നല്‍കാന്‍ അയാള്‍ സംഭവം കണ്ടതായി തെളിവുണ്ടോയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.

നരഹത്യ ചുമത്താന്‍ എന്തു കുറ്റമാണ് ഉണ്ടായതെന്നും അമിതവേഗത്തിലായിരുന്നെന്നതിന് തെളിവുകളില്ലെന്നും പ്രതിഭാഗം പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായ മറ്റൊരു വാര്‍ത്തയെ ഒതുക്കാനാണ് ഈ അപകടം വലിയ വാര്‍ത്തയാക്കിയതെന്നും അതിനാല്‍ ഇതില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

മൂന്നുപേര്‍ സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ അതുകൊണ്ടാണോ വാഹനം ഇടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം നടത്തിയെന്ന് പ്രതിഭാഗം ഉന്നയിച്ചതോടെ അവര്‍ മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാന്‍ പറ്റുമോയെന്ന് കോടതി തിരിച്ചു ചോദിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വിഐപി റോഡില്‍ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

Related Articles

Back to top button