
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഒന്ന് മുതൽ 16 വരെ പ്രതികളാണ് വിചാരണ നേരിടുക. ആദ്യം വിസ്തരിക്കുക ഒന്നും രണ്ടും സാക്ഷികളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. 8 വർഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.
ആദ്യ 16 പ്രതികളുടെ വിചാരണയാണ് നടക്കുക. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശമുണ്ട്. അഡ്വ. ജി മോഹൻരാജാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. അവർക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തിൽ നടക്കുക.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്. അക്രമികളിൽ ഒരാൾ അഭിമന്യുവിനെ പിടിച്ച് വയ്ക്കുകയും സഹൽ എന്ന പനങ്ങാട് സ്വദേശി അഭിമന്യുവിന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു.





