വയനാട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും ശിക്ഷ

കൽപറ്റ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂർകുന്ന് ഉന്നതിയിലെ എം. മുകേഷിനെയാണ് (33) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.ആർ. സുനിൽകുമാർ അഞ്ച് വർഷവും രണ്ട് മാസവും തടവിനും 76,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. 2023-ൽ പനമരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നിർണായക വിധി വന്നിട്ടുള്ളത്.
2023 സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. അന്നത്തെ പനമരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ഇ.കെ. അബൂബക്കറാണ് കേസിൽ ആദ്യാന്വേഷണം നടത്തിയത്. പിന്നീട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ വി. സിജിത്ത് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത കോടതിയിൽ ഹാജരായി.





