സ്കൂള്‍ ഗെയിംസിനിടെ ഉണ്ടായ അപകടം: ഒടുക്കം കായികമന്ത്രിയെത്തി; ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയാണെന്ന് മന്ത്രി

തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ അപകടം നടന്ന തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സ് മന്ത്രി ഒ. ജെ ജനീഷ് സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയാണെന്നും ഉറപ്പായും നടപടി ഉണ്ടാകുമെന്നും കായിക മന്ത്രി പറഞ്ഞു. ചെറിയ മത്സരങ്ങള്‍ നടക്കുന്നയിടത്ത് സ്വാഭാവികതമായും അത്രയും വലിയ രീതിയിലുള്ള സംഘാടനമുണ്ടാകാറില്ല. ഡിഡിഇ യോഗം വിളിച്ച സമയത്ത് അധ്യാപക സംഘടനകള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ് വിവിധ കമ്മിറ്റികളുടെ ചുമതല ഏറ്റെടുത്തത്. ഗ്രൗണ്ട് ആന്‍ഡ് എക്യുപ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനും കണ്വീനറുമായിട്ടുണ്ടായിരുന്നത് സ്പോര്‍ട്സിന്റെ കോഓര്‍ഡിനേറ്റര്‍മാര്‍ ആയിട്ടുള്ള അധ്യാപകര്‍ തന്നെയാണ്. ആ കമ്മിറ്റിയെയാണ് പന്തല്‍ ഏല്‍പ്പിച്ചത് എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പന്തല്‍ ഏല്‍പ്പിച്ചതിലെ വീഴ്ചയാണ് ഇവിടെ പ്രധാന വീഴ്ചയായി ഉണ്ടായത് – അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളെ ഉദ്യോഗസ്ഥര്‍ ഒന്നും അറിയിച്ചിരുന്നില്ല എന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ നാല് ഇനങ്ങള്‍ മാത്രമാണ് നടന്നത്.അതുകൊണ്ട് സംഘാടകസമിതിയുടെ ആവശ്യമില്ല എന്നാണ് മന്ത്രിയുടെ വിചിത്ര വാദം. എന്നാല്‍, മത്സരത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നു എന്ന് കായിക മന്ത്രി സമ്മതിച്ചു. കോഴിക്കോട് നടന്ന വിപുലമായ സംഘാടകസമിതി യോഗത്തില്‍ താനും പങ്കെടുത്തുവെന്ന് ഒ ജെ ജെനീഷ് വ്യക്തമാക്കി.ഗ്രൗണ്ടുകള്‍ക്കും മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്കുമായി സംഘാടകര്‍ മന്ത്രിയുടെ ഓഫീസിന് ബന്ധപ്പെട്ടുവെന്നും മന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍, ഉത്തരവാദിത്വം മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം എന്നതാണ് മന്ത്രിയുടെ നിലപാട്.





