സൗജന്യ സ്വർണ്ണ മോതിരം കിട്ടാൻ അല്പം വൈകി; നഴ്‌സിനെയും കുടുംബത്തെയും വീട്ടിൽ കയറി പാര കൊണ്ട് തല്ലിച്ചതച്ച് യുവാവ്

തഞ്ചാവൂർ: വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി പ്രകാരം കുഞ്ഞിനുള്ള സ്വർണ്ണ മോതിരം നൽകാൻ വൈകിയെന്നാരോപിച്ച് നഴ്‌സിനും കുടുംബത്തിനും നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം. തഞ്ചാവൂർ സ്വദേശിയായ മദൻ (35) എന്നയാളാണ് നഴ്‌സായ അലമേലു (35), സഹോദരൻ സുമൻ, അമ്മായി സുജാത എന്നിവരെ ഇരുമ്പ് പാര ഉപയോഗിച്ച് തല്ലിച്ചതച്ചത്. പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെപ്റ്റംബർ 16-നാണ് മദന്റെ ഭാര്യ തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാമിന്റെ സ്വർണ്ണ മോതിരം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ വിതരണത്തിൽ ചെറിയ കാലതാമസമുണ്ടാകുമെന്നും ഊഴമെത്തുമ്പോൾ മാത്രമേ മോതിരം നൽകാൻ കഴിയൂ എന്നും നഴ്‌സ് അലമേലു മദനെ അറിയിച്ചിരുന്നു.
വീട്ടിൽ നടക്കുന്ന ചടങ്ങിൽ കുഞ്ഞിന് ധരിപ്പിക്കാൻ മോതിരം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട മദൻ, നഴ്‌സിന്റെ മറുപടിയിൽ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് മദ്യലഹരിയിലെത്തിയ മദൻ അലമേലുവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് സഹോദരനും അമ്മായിക്കും പരിക്കേറ്റത്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതി മദനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.





