Kottayam

കോട്ടയത്ത് യുഡിഎഫിന് കനത്ത തിരിച്ചടി; പാമ്പാടി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്, മീനടത്ത് സീറ്റ് നിലനിർത്തി യുഡിഎഫ്

Please complete the required fields.




കോട്ടയം : പാമ്പാടി പഞ്ചായത്ത് പത്താം വാർഡ് കുമ്പന്താനം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസ് വാർഡ് തിരിച്ചുപിടിച്ചു. 66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ഈ ത്രസിപ്പിക്കുന്ന വിജയം. പഞ്ചായത്തംഗമായിരുന്ന യുഡിഎഫിന്റെ ബാബു മാത്യു ഡാണാവുങ്കലിന്റെ വിയോഗത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഡെയ്സി ബാബു ഡാണാവുങ്കൽ (യുഡിഎഫ്), സണ്ണി വർഗീസ് പൂതകുഴിയിൽ (എൽ‌ഡിഎഫ്), ടിന്റു മനോജ് (എൻഡിഎ) എന്നിവരായിരുന്നു പ്രധാന സ്ഥാനാർഥികൾ. 21 അംഗ പാമ്പാടി പഞ്ചായത്തിൽ നിലവിലെ കക്ഷിനില യുഡിഎഫിന് 15 ഉം എൽഡിഎഫിന് 6 ഉം ആണ്. യു‍‍‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഫലം ഭരണത്തെ സ്വാധീനിക്കില്ല.

അതേസമയം, മീനടം പഞ്ചായത്ത് ഒന്നാം വാർഡായ ചീരംകുളത്ത് യുഡിഎഫ് സ്ഥാനാർഥി പ്രീത പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പ്രീത പ്രസാദിന് പുറമെ ചന്ദ്രു നാരായണൻ (എൽ‌ഡിഎഫ്), എം. ഗൗരി ശങ്കർ (എൻഡിഎ) എന്നിവരായിരുന്നു ഇവിടെ മത്സരരംഗത്തുണ്ടായിരുന്നത്. മുൻപ് പഞ്ചായത്തംഗമായിരുന്ന യുഡിഎഫിന്റെ പ്രസാദ് നാരായണന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെയും തിരഞ്ഞെടുപ്പ് നടന്നത്. ആകെ 14 സീറ്റുള്ള മീനടം പഞ്ചായത്തിൽ യുഡിഎഫിന് 12 ഉം എൽഡിഎഫിന് 2 ഉം ആണ് നിലവിലെ കക്ഷിനില.

ഇരുവാർഡുകളിലും മുന്നണികൾ നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1312 വോട്ടർമാരുള്ള കുമ്പന്താനത്ത് 78.51 ശതമാനവും ചീരംകുളത്ത് 69.74 ശതമാനവുമായിരുന്നു പോളിങ്. കഴിഞ്ഞ തവണ കുമ്പന്താനത്ത് 79 ശതമാനവും ചീരംകുളത്ത് 68.5 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. കുമ്പന്താനത്ത് രണ്ടും ചീരംകുളത്ത് ഒരു ബൂത്തിലുമായിരുന്നു വോട്ടെടുപ്പ് നടന്നത്. രാവിലെ മുതൽ വോട്ടർമാരുടെ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ ബൂത്തുകൾ ശാന്തമായിരുന്നു. വൈകിട്ട് നാലിന് ശേഷമാണ് വീണ്ടും പോളിങ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായാണ് പൂർത്തിയായത്.

Related Articles

Back to top button