ചെക്യാട് പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി; നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്: നാദാപുരം ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട് പ്രദേശത്ത് പുലി ഇറങ്ങിയതായി പലരും പറയുന്ന സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അറിയിച്ചു.
പുലിയെ കണ്ടെന്ന വിവരം പൊലീസിനെയും വനംവകുപ്പിനെയും അറിയിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനിടെ, കഴിഞ്ഞ ദിവസം നാദാപുരം കുമ്മങ്കോട് സിനാനും ഉമ്മൂമ്മയ്ക്കും നേരെയുണ്ടായ ആക്രമണം പുലിയുടേതാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന് ശേഷം സമീപത്തെ വീട്ടുമതിലിലൂടെ പുലി ഓടിമറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ആക്രമണം വനംവകുപ്പ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
ആക്രമണത്തിൽ പരിക്കേറ്റ സിനാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വീടിന്റെ പുറകുവശത്തെ പറമ്പിൽ പപ്പായ പറിക്കുന്നതിനായി ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിനിടെയാണ് സിനാനെ പുലി ആക്രമിച്ചതെന്നാണ് വിവരം. തൊട്ടടുത്തുണ്ടായിരുന്ന കുഴിയിൽ ഒളിച്ചിരുന്ന പുലി സിനാന്റെ പിറകിലേക്ക് ചാടുകയായിരുന്നു.





