Thiruvananthapuram

സര്‍ക്കാരിന് ഒരു രൂപയുടെ ബാധ്യതയുമില്ല, വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണ്’; സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള യാത്രകൾ തുടരുമെന്ന് മുഖ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ സ്പോൺസർഷിപ്പിൽ ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി. മലപ്പുറത്തേക്കുള്ള യാത്രയ്‌ക്ക്‌ ഉപയോഗിച്ച ചാർട്ടേഡ്‌ വിമാനത്തിന്റെ സ്‌പോൺസറെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ പറയേണ്ട കാര്യമില്ലെന്നും പരസ്യമായാണ് താൻ യാത്ര ചെയ്തതെന്നും സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് പേർ മരിച്ചിട്ടും മുഖ്യമന്ത്രി സ്ഥലത്തെത്തിയില്ല എന്ന് മാധ്യമങ്ങൾ വാർത്ത നൽകുമെന്നതിനാലാണ് അവിടേക്ക് പോകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരു സമാധി ആചരണത്തിൽ പങ്കെടുത്ത ശേഷം അതിവേഗം മലപ്പുറത്ത് എത്താനാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം, പിന്നീട് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.

ചാർട്ടേഡ് വിമാനയാത്ര സ്പോൺസർ ചെയ്ത സ്വകാര്യ വ്യക്തി ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം ആവർത്തിക്കപ്പെട്ടപ്പോൾ, “ഞാനല്ലേ സംസാരിക്കുന്നത്, എന്നെക്കൊണ്ട് ദയവുചെയ്ത് പറയിപ്പിക്കരുത്, നിങ്ങൾ കേട്ടോണ്ടിരുന്നാൽ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ, സർക്കാരിന് ഇതിൽ യാതൊരു സാമ്പത്തിക ബാധ്യതയും വന്നിട്ടില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു. വിമാനം സജ്ജീകരിച്ചത് ഒരു മലയാളിയാണെന്നും, “ഇപ്പോൾ പോയി, ഞാൻ ഇനിയും പോകും” എന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

ഇന്ത്യയിലെ മുഴുവൻ മുഖ്യമന്ത്രിമാരും സ്വകാര്യ വ്യക്തികളുടെ ചെലവിൽ വിമാനങ്ങളിൽ സഞ്ചരിക്കുന്നുണ്ടെന്നും, വിമാനം നൽകി എന്ന് കരുതി നാളെ ആരും വന്ന് സർക്കാരിൽ നിന്ന് ഔദാര്യം കൈപ്പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചർച്ചകൾ ഇത്തരം വിഷയങ്ങളിലേക്ക് വഴിതിരിച്ചുവിടരുതെന്നും, മന്ത്രിമാർക്ക് സുഹൃത്തുക്കൾ ഉണ്ടാകുമെന്നും അവരുടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് ഒരു ചെലവും വരുന്നില്ലെങ്കിൽ മന്ത്രിമാർ വിദേശത്ത് പോകുന്നതിൽ എന്താണ് പ്രശ്നമെന്ന തരത്തിലുള്ള ന്യായീകരണങ്ങളും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.

Related Articles

Back to top button