India

പട്ടാപ്പകൽ നഴ്‌സിന് നേരെ ആസിഡ് ആക്രമണം; പിന്നാലെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താനും ശ്രമം, ഭർത്താവ് പിടിയിൽ

Please complete the required fields.




ബംഗളൂരു: പട്ടാപ്പകൽ ആൾക്കൂട്ടം നോക്കിനിൽക്കെ 26കാരിയായ നഴ്‌സിനുനേരെ ആസിഡ് ആക്രമണം നടത്താനും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താനും ശ്രമം. ബംഗളൂരുവിലെ ജെ പി നഗറിൽ ഇന്നുരാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കൊൽക്കത്ത സ്വദേശി മധുമിത ആണ് ആക്രമണത്തിനിരയായത്. ഒന്നരവർഷമായി ഈ ക്ളിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി.രാവിലെ 9.15ഓടെ ഭക്ഷണം കഴിക്കാൻ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭർത്താവ് വെങ്കടേശൻ ആക്രമിക്കാനൊരുങ്ങുകയായിരുന്നു. വെങ്കടേശൻ തമിഴ്‌നാട് സ്വദേശിയാണ്. ഭയന്ന മധുമിത ക്ളിനിക്കിന്റെ പാർക്കിംഗ് സ്ഥലമായ കെട്ടിടത്തിന്റെ ബേസ്‌മെന്റിലേക്കോടി.

പിന്നാലെ ഇവിടെയെത്തിയ വെങ്കടേശൻ വടിവാൾ കൊണ്ട് ആക്രമിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. ഇയാൾ കത്തിയും വടിവാളും ആസിഡുമായി ആശുപത്രിക്ക് മുന്നിൽ രാവിലെ ബൈക്കിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മധുമിതയുടെ നിലവിളി കേട്ട് ആശുപത്രി ജീവനക്കാരും പ്രദേശത്തുണ്ടായിരുന്നവരും വെങ്കടേശനെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അവരെയും ആക്രമിച്ചു. പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ പ്രദേശത്തുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനാണ് പിടികൂടിയത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മധുമിത ചികിത്സയിൽ തുടരുകയാണ്. സ്ഥലത്തെത്തിയ ജെ പി നഗർ പൊലീസ് വെങ്കടേശനെ കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് ആക്രമത്തിന് കാരണമെന്നാണ് പ്രാദേശിക നിഗമനം.ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇതിനുശേഷമേ ആക്രമണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button