കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു; സീബ്രാലൈനിൽ തടസ്സമായി സ്വകര്യ ബസും, പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജിൽ

കോഴിക്കോട് : അരിക്കുളം കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു. കുരുടിമുക്കിൽ ശനി രാവിലെ 9 മണിയോടെയായിരുന്നു അപകടം.
കുരുടിമുക്ക് ജംക്ഷനിൽ സീബ്രാ ലൈനിന് സമീപം ആയിരുന്നു സംഭവം. സീബ്രാ ലൈനിൽ നിർത്തിയിട്ട സ്വകാര്യ ബസിനു മുന്നിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നീക്കിവെച്ചിട്ടുള്ള സീബ്രാലൈനിൽ നിയമം തെറ്റിച്ച് ബസ് നിർത്തിയിട്ടതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻഗണന നൽകേണ്ട സീബ്രാലൈനിൽ ബസ് തടസ്സമായി നിർത്തിയതോടെ, മറുവശത്തുനിന്ന് വന്ന ട്രാവലർ, റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല.
ബസിന് മുന്നിലൂടെ നടന്നു നീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓടിയെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.





