മണ്ണ് നീക്കാൻ കളക്ടറുടെ അനുമതി; മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണം ഇനി അതിവേഗം പൂര്‍ത്തിയാകും

മലപ്പുറം : മാസങ്ങളായി നീണ്ടുപോയ ഭരണഘടനാപരമായ തടസ്സങ്ങള്‍ നീങ്ങിയതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മ്മാണം ഇനി അതിവേഗം പൂര്‍ത്തിയാകും. കെട്ടിടത്തോട് ചേര്‍ന്ന് കിടക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള അനുമതി ജില്ലാ കളക്ടര്‍ നല്‍കിയതോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത്.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച മണ്ണ് നീക്കല്‍ പ്രക്രിയയിലൂടെ വൈകുന്നേരത്തോടെ അമ്പത് ലോഡ് മണ്ണ് നീക്കി. 12 ലോറികളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് നിലവില്‍ മണ്ണ് മാറ്റുന്നത്. കെട്ടിട നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയിരുന്നെങ്കിലും 4,000 ക്യൂബിക് മീറ്റര്‍ മണ്ണ് മാറ്റാന്‍ കഴിയാത്തത് ബാക്കി പണികളെ സാരമായി ബാധിച്ചിരുന്നു. മുറ്റം, പാര്‍ക്കിംഗ് ഏരിയ, കക്കൂസ് ടാങ്ക് നിര്‍മ്മാണം എന്നിവയാണ് ഇതിനാല്‍ തടസ്സപ്പെട്ടിരുന്നത്.
മണ്ണ് നീക്കുന്നതിന് അനുമതി നല്കുന്നതില് റവന്യൂ, ജിയോളജി വകുപ്പുകള്‍ കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് അനുമതി നല്‍കിയത്. പുതിയ ബ്ലോക്ക് പൂര്‍ത്തിയാകുന്നതോടെ നിലവിലെ അത്യാഹിത വിഭാഗം ഇങ്ങോട്ട് മാറ്റാനാകും.
2021-ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ച 23 കോടി രൂപ ചെലവഴിച്ചാണ് 45,000 ചതുരശ്രയടിയില്‍ നാലുനില കെട്ടിടം നിര്‍മ്മിക്കുന്നത്. പി.എം. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനൊപ്പം പകര്‍ച്ചവ്യാധികളുടെ സമയത്ത് ഐസൊലേഷന്‍ വാര്‍ഡായും ഇത് ഉപയോഗിക്കാം.
മേജര്‍, മൈനര്‍ ഓപ്പറേഷന് തിയേറ്ററുകള്‍, ഐ.സി.യു, ഹൈ ഡിപെന്‍ഡന്‍സി ബെഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ലേബര്‍ റൂം, ലബോറട്ടറി തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയൊരുങ്ങുന്നത്. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന പതിവിന് ഇതോടെ പരിഹാരമാകും.





