Ernakulam

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

Please complete the required fields.




കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി.

പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽനിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധന.
കേസിലെ ഗൂഢാലോചനയും അന്വേഷിക്കും. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കൾക്ക് എതിരെയും അന്വേഷണം നടത്തും. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണ്.

ഇക്കഴിഞ്ഞ മെയ് മാസം 27നാണ് പിണറായി വിജയൻ്റെ സ്വകാര്യ വസതിയിൽ റെയ്ഡ് നടത്തി കാറിൽ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ 27 പേരെ ആണ് പൊലീസ് പ്രതിചേർത്തിരുന്നത്.പിഎംഎൽഎ നിയമത്തിൽ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂൾ ഒഫൻസിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആറിൽ പ്രതിചേർത്തവരെ ഇഡിയും പ്രതികളാക്കിയത്.

പൊലീസ് അന്വേഷണം കേസിൻ്റെ ഗൂഢാലോചനയിലേക്ക് നീളാത്തതിൽ ഇഡിക്ക് അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാൻ ഇഡി ഒരുങ്ങുന്നത്.

Related Articles

Back to top button