Thiruvananthapuram

സി.പി.ഐ.എമ്മിനെ തകർക്കാൻ ഇ.ഡി ശ്രമിക്കുന്നു; വ്യാജ കഥകൾ കേരളം അംഗീകരിക്കില്ലെന്ന് എം.വി. ഗോവിന്ദൻ

Please complete the required fields.




തിരുവനന്തപുരം : സി.പി.ഐ.എമ്മിനെയും പ്രധാന നേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തി തകർത്തു കളയാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിലപാടാണ് തുടർച്ചയായി പ്രകടമാകുന്നതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ഇത് കുറെക്കാലമായി തുടരുന്ന കാര്യമാണെന്നും, ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നീക്കങ്ങളെ രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടി നേരിട്ട് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ കഥകളൊന്നും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജിലൻസ് കോടതിയും ഹൈക്കോടതിയും പരിശോധിച്ച് തള്ളിക്കളഞ്ഞ കേസിലാണ് പ്രതിപക്ഷ നേതാവിനെയും പി.എ. മുഹമ്മദ് റിയാസിനെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇതിനെയെല്ലാം നിയമപരമായ മാർഗങ്ങളിലൂടെ നേരിടും. ഇതുവരെയുള്ള യാത്രയിൽ നിരവധി പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് പാർട്ടി വളർന്നുവന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണ് ഉള്ളത്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ കേന്ദ്ര ഏജൻസികളുടെ കേസുകൾ വരുമ്പോഴുള്ള നിലപാടല്ല കേരളത്തിലെ കോൺഗ്രസ് ഇവിടെ സ്വീകരിക്കുന്നത്. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചിലർ ചോദിക്കുന്നത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഷ്ട്രീയപ്രേരിതമായി സി.പി.ഐ.എമ്മിനെ കള്ളക്കേസുകളിൽ ഉൾപ്പെടുത്താനുള്ള ഇടപെടലുകളാണ് നടക്കുന്നത്. ഇ.ഡി സ്വന്തം താൽപ്പര്യത്തിനനുസരിച്ചുള്ള കാര്യങ്ങൾ മാത്രമാണ് പറയുന്നത്. നിലവിലെ അസം, ബംഗാൾ മുഖ്യമന്ത്രിമാർക്കെതിരെ മുൻപ് വ്യാപകമായി കേസുകൾ വന്നിരുന്നുവെങ്കിലും, അവർ ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ ആ കേസുകളെല്ലാം ഇല്ലാതായെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

ഇത്തരത്തിലുള്ള രീതിയാണ് ഇ.ഡി അവലംബിക്കുന്നത്. യാതൊരു തെളിവുമില്ലാതെ കള്ളക്കേസുകൾ നിർമ്മിച്ച് രാഷ്ട്രീയമായി പകപോക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഒടുങ്ങില്ലെന്നും, എല്ലാ പ്രതിസന്ധികളെയും പ്രതിരോധിച്ച് ശക്തമായി മുന്നോട്ടുപോകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Related Articles

Back to top button