പ്രവാസികൾക്കും യാത്രക്കാർക്കും സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 2026-ലെ ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെ പ്രാബല്യത്തിലുണ്ടാകുന്ന പുതിയ സമയക്രമത്തിൽ പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റുകൾ (വിമാനങ്ങളുടെ വരവും പുറപ്പെടലും) 620ൽ നിന്ന് 644 ആയി ഉയരും. മുൻ വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് നാല് ശതമാനം വർധനയാണിത്.
റിയാദിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനൊപ്പം ബഹ്റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വർധിക്കും. ആഭ്യന്തര വിമാന സർവീസുകളിൽ 12 ശതമാനം വർധനയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പ്രതിവാര ആഭ്യന്തര സർവീസുകളുടെ എണ്ണം 294ൽ നിന്ന് 328 ആയി ഉയരും.
പുതിയ ഷെഡ്യൂൾ പ്രകാരം അബുദാബിയിലേക്ക് ആഴ്ചയിൽ 68 സർവീസുകളും ഷാർജയിലേക്ക് 56 സർവീസുകളുമുണ്ടാകും. മാലെയിലേക്ക് 24, ദുബായിലേക്കും ക്വാലാലംപൂരിലേക്കും 22 വീതം, മസ്കത്ത്, കുവൈത്ത്, ദോഹ എന്നിവിടങ്ങളിലേക്ക് 20 വീതം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിലേക്ക് 18, സിംഗപ്പൂരിലേക്കും ദമ്മാമിലേക്കും 14 വീതം, കൊളംബോയിലേക്ക് എട്ട്, റിയാദിലേക്ക് ആറ്, ഹനിമാധുവിലേക്ക് നാല് എന്നിങ്ങനെ ആകെ 316 പ്രതിവാര അന്താരാഷ്ട്ര സർവീസുകളുണ്ടാകും.
ആഭ്യന്തര സർവീസുകളിൽ ബെംഗളൂരുവിലേക്ക് ആഴ്ചയിൽ 96, ഡൽഹിയിലേക്ക് 68, മുംബൈയിലേക്ക് 56, ചെന്നൈയിലേക്ക് 44, ഹൈദരാബാദിലേക്ക് 28, കൊച്ചി, നവി മുംബൈ എന്നിവിടങ്ങളിലേക്ക് 14 വീതവും കണ്ണൂരിലേക്ക് എട്ട് സർവീസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.





