അതീവ ജാഗ്രത വേണം….! തുലാമഴ ശക്തം, പലയിടത്തും കാറ്റും ഇടിമിന്നലും; വൈദ്യുതാഘാത അപകടസാധ്യത മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയും കാറ്റും കനത്തതോടെ ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അതിരാവിലെ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജാഗ്രതാ നിർദേശം.
പോസ്റ്റിന്റെ പൂർണരൂപം
പലയിടങ്ങളിലും തീവ്രമായ കാറ്റും മഴയും ഉണ്ട്. അതിരാവിലെ പത്രവിതരണത്തിനും പാൽ വിതരണത്തിനും റബ്ബർ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്.
വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്. ലൈനുകളിൽ സ്പർശിക്കാനോ അവ നീക്കാൻ ശ്രമിക്കാനോ പാടില്ല.പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയിൽ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണം. പൊട്ടിയ വൈദ്യുതി ലൈൻ വെള്ളത്തിൽ വീണുകിടക്കുകയാണെങ്കിൽ ആ വെള്ളത്തിൽ സ്പർശിക്കരുത്.
ഇത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സമീപത്തെ കെഎസ്ഇബി സെക്ഷൻ ഓഫീസിലോ കെഎസ്ഇബിയുടെ അടിയന്തര സഹായ നമ്പറായ 94 96 01 01 01ലോ വിവരം അറിയിക്കണം.
വൈദ്യുതി ലൈൻ അപകടാവസ്ഥയിൽ കാണുകയാണെങ്കിൽ അതിന്റെ സമീപത്തേക്ക് ആരെയും പോകാൻ അനുവദിക്കരുത്. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
വൈദ്യുതി തകരാർ സംബന്ധമായ പരാതികൾ അറിയിക്കാൻ 1912 എന്ന 24/7 ടോൾഫ്രീ കസ്റ്റമർകെയർ നമ്പറിലോ സെക്ഷൻ ഓഫീസിലോ വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പറിലും കോൾ/വാട്സാപ് വഴി പരാതി അറിയിക്കാം.
പൊട്ടിയ വൈദ്യുതി ലൈനിൽ തട്ടി ആർക്കെങ്കിലും വൈദ്യുതാഘാതമേൽക്കുകയാണെങ്കിൽ, അപകടത്തിൽപ്പെട്ട വ്യക്തിയെ നേരിട്ട് സ്പർശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനിൽ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണം.





