Palakkad

എനിക്കറിയില്ല, എം എം ഹസ്സനോട് ചോദിക്കണം’; രമ്യാ ഹരിദാസിന്റെ പാലക്കാട്ടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി സണ്ണി ജോസഫ്

Please complete the required fields.




പാലക്കാട്: പ്രാദേശിക കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷന് മുന്നിൽ രമ്യാ ഹരിദാസ് എം.എൽ.എ ഹാജരാകാത്ത സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്.

കമ്മീഷന് മുന്നിൽ ഹാജരാകാതിരിക്കാൻ ഡൽഹിയിലാണെന്നാണ് രമ്യ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം എം.എൽ.എ പാലക്കാട് ജില്ലയിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്കൊന്നുമറിയില്ലെന്നും ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും അത് തന്റെ വിഷയമല്ലെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ഇത് വിഷയമല്ലേ എന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോഴും ‘അല്ല, അല്ല’ എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന് അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ എം.എം. ഹസ്സനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കയ്യാങ്കളിയിൽ എം.എൽ.എ രമ്യാ ഹരിദാസിനെതിരെ നടപടിയെടുക്കാത്തതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. കമ്മീഷനെ വെട്ടിച്ച് മാറിനിൽക്കുന്നത് എം.എൽ.എയ്ക്ക് ചേർന്ന നിലപാടല്ലെന്ന് വിമർശിക്കുന്ന ഇവർ, രമ്യയ്ക്കെതിരെയും കർശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. സംഭവത്തിൽ ഉൾപ്പെട്ട സജാദിനെ അനുകൂലിക്കുന്ന വിഭാഗവും രമ്യയ്ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ്.

Related Articles

Back to top button