Malappuram

ഫസീലയുടെ നെഞ്ചിനു താഴെ ആഴത്തിലുള്ള മുറിവ്, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ പൊലിഞ്ഞു, അരുംകൊലയിൽ ഞെട്ടി പാറശ്ശേരി ഗ്രാമം

Please complete the required fields.




വണ്ടൂർ: ചോറിനു കറിയില്ലാത്തതിന്റെ പേരിലുണ്ടായ വാക്കു തർക്കത്തെ തുടർന്നു ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38)യെ ആണ് ഭർത്താവ് കുന്നുമ്മൽ റഷീദ് (48) കൊലപ്പെടുത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന സംഭവം പുറത്തറിഞ്ഞപ്പോൾ മുതൽ ഇവരുടെ വീട്ടിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നാട്ടുകാർ കൂട്ടമായെത്തി.ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളാണു ഫസീലയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നെഞ്ചിനു താഴെ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണു കുത്തിയതെന്നാണു സൂചന. നേരത്തെ വിദേശത്തായിരുന്ന റഷീദ് പിന്നീടു കമുകുതോട്ടങ്ങൾ പാട്ടത്തിനെടുത്ത് അടയ്ക്ക പറിച്ചു വിൽക്കുന്ന തൊഴിലിലായിരുന്നു.സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയാണ്. റഷീദ് മദ്യപിക്കുന്നതിനെച്ചൊല്ലി വീട്ടിൽ കലഹമുണ്ടാവാറുള്ളതായി പറയുന്നുണ്ട്.
ഇന്നലെയും മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. ചുങ്കത്തറയിലെ തോട്ടത്തിൽ നിന്നെത്തിയ റഷീദ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയില്ലാത്തതിനെച്ചൊല്ലി വഴക്കുണ്ടായതായാണു പറയുന്നത്.

റഷീദ് പുറത്തുപോയി കറി വാങ്ങി വന്നതായും പറയുന്നു. പിന്നീടാണു വാക്കുതർക്കം കനത്തതും കത്തിയെടുത്തു ഫസീലയെ കുത്തിയതുമെന്നാണു പൊലീസിനോടു പറഞ്ഞത്.
വണ്ടൂർ സിഐ ഇ.ഗോപകുമാർ, എഎസ്ഐമാരായ സ്വയംപ്രഭ, സുധീർ, എസ്‌സിപിഒ എ.ആർ.ഷിജു, സിപിഒ കെ.റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഫസീലയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു കബറടക്കും.

Related Articles

Back to top button