India
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുർ നഗരത്തിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വേഗതയിൽ വന്ന ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും ദാരുണമായി കൊല്ലപ്പെട്ടു. പാലനജോഗഹള്ളി സ്വദേശികളായ ഇർഫാന (46), കുട്ടികളായ റൂകിയ (13), റാകിയ (8) എന്നിവരാണ് ഈ അപകടത്തിൽ മരിച്ചത്.
അവധിക്കാലം ചെലവഴിക്കുന്നതിനായി ഹിന്ദുപൂരിൽ നിന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടികൾ. അവധി കഴിഞ്ഞ് സ്കൂളിൽ വീണ്ടും പോകാനായി മുത്തശ്ശിക്കൊപ്പം തിരികെ മടങ്ങുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം ഇല്ലാത്തതുമൂലം ട്രെയിൻ കയറാനായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ യശ്വന്ത്പൂർ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





