India

പിഞ്ചുകുഞ്ഞിനോട് ക്രൂരത; ഡൽഹിയിൽ മൂന്ന് വയസ്സുകാരന് പ്ലേ സ്കൂളിൽ മർദ്ദനം, പോക്‌സോ കേസിൽ അറ്റൻഡർ അറസ്റ്റിൽ

Please complete the required fields.




ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് നേരെ ക്രൂരമായ മർദനവും പീഡനവുവുമെന്ന് പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ അറ്റൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ വെച്ച് കുട്ടിയെ നിരന്തരമായി മർദിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തതായാണ് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്.

ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്ലേ സ്കൂൾ അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ വിദഗ്ധ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 16-നാണ് കുട്ടിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായ മുറിവുകളും ചതവുകളും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. സ്കൂളിൽനിന്ന് തിരിച്ചെത്തിയ കുട്ടി തുടർച്ചയായി ഛർദിച്ചതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ കണ്ണിനും കർണപടങ്ങൾക്കും ക്ഷതമേറ്റതായി കണ്ടെത്തിയത്.

ആദ്യഘട്ടത്തിൽ സ്കൂൾ അധികൃതർ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് കുടുംബത്തിന് സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടി നിരന്തരമായി മർദനത്തിനിരയായതായും കസേരയിൽ കെട്ടിയിട്ടതായും വ്യക്തമായി. എന്നാൽ കുട്ടി ഹൈപ്പർ ആക്റ്റീവായതിനാലാണ് കസേരയിൽ കെട്ടിയിട്ടതെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം.
മാത്രമല്ല, മൂന്ന് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് തങ്ങൾക്ക് നൽകിയതെന്നും മുൻ ദിവസങ്ങളിൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും പിതാവ് ആശങ്ക പ്രകടിപ്പിച്ചു. ക്രൂരമായ അതിക്രമത്തിന് ഇരയായ കുട്ടി നിലവിൽ കടുത്ത ഭീതിയിലാണെന്നും മുറിയിൽനിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണെന്നും കുടുംബം പറയുന്നു.

കേസിൽ സ്കൂൾ ഉടമയും പ്രിൻസിപ്പലും ഉൾപ്പെടെ നാല് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള അറ്റൻഡറെ ചോദ്യം ചെയ്തുവരികയാണെന്നും കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button