Thiruvananthapuram

ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി പട്ടികജാതിക്ക് നൽകണം, ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവി പട്ടികജാതി സമൂഹത്തിന് നല്‍കണമെന്ന ആവശ്യവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി. ചരിത്രം തിരുത്തി എഴുതാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കേണ്ടത് പട്ടികജാതി സമൂഹത്തിന്റെ അവകാശമാണ്. അയ്യങ്കാളി ജയന്തി പരിപാടിയില്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ വേദിയിലിരുത്തിയായിരുന്നു എം പിയുടെ ഈ ആവശ്യം.

അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം പി ഇക്കാര്യം ഉന്നയിച്ചത്. അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു ചെയര്‍മാന്‍ സ്ഥാനമോ അല്ലെങ്കില്‍ ഒരു പ്രസിഡന്റ് സ്ഥാനമോ പട്ടികജാതിക്കാരന് കൊടുത്തുകൂടെ എന്നതായിരുന്നു ചോദ്യം. അത് തങ്ങളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് വെള്ള ഈച്ചരനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കിയതിനു ശേഷം പിണറായി സര്‍ക്കാരാണ് തങ്ങളുടെ സമുദായത്ത് നിന്നും ഒരാളെ പരിഗണിച്ചതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടിക ജാതി സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം സര്‍ക്കാര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത് സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.

അയ്യാങ്കാളിയെ കുറിച്ച് പഠിക്കാന്‍ പുതിയ തലമുറക്ക് അവസരമൊരുക്കണമെന്നും അതിനായി തിരുവനന്തപുരം ആസ്ഥാനമാക്കി അയ്യങ്കാളി പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
അയ്യങ്കാളിയെ കുറിച്ച് മനസിലാക്കാന്‍ മലയാളത്തില്‍ പുസ്തകങ്ങളുണ്ട് എന്നതിനപ്പുറമായി ഇംഗ്ലീഷില്‍ വളരെ അപൂര്‍വ്വം പുസ്തകങ്ങള്‍ മാത്രമേയുള്ളു. അതിനാല്‍ അയ്യങ്കാളിയുടെ ജീവചരിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍ത്തലാക്കിയ മണ്ണന്തലയിലുള്ള ഐഎഎസ് അക്കാദമി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും കെ കരുണാകരൻ്റെ ഭരണകാലത്ത് നടത്തിയിരുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വീണ്ടും നടത്തണമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.കൂടാതെ സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു മേഖലയിലെ ഉദ്യോഗങ്ങളുടെ കുറവ്, പിന്‍വാതില്‍ നിയമനം,കരാറടിസ്ഥാനത്തിലുള്ള ആളുകളുടെ നിയമനം, ഡെയ്‌ലി വേജസില്‍ ആളുകളെ നിയമിക്കുമ്പോഴൊന്നും പട്ടികജാതിക്കാരെ പരിഗണിക്കുന്നില്ലെന്ന് കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി.

നിലവിലെ ബോര്‍ഡുകള്‍ക്ക് ഒരു വര്‍ഷം കാലാവധി ഉണ്ടെന്നും കൊടിക്കുന്നില്‍ ഉന്നയിച്ച ആവശ്യം പുതിയ ബോര്‍ഡ് രൂപീകരണ വേളയില്‍ പരിഗണിക്കുമെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

Related Articles

Back to top button