
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായി. ഞായറാഴ്ച വാരാന്ത്യ ലോക്ഡൗണ്‍ തുടരും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ചട്ടം 300 പ്രകാരം ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിനുപകരം ഓരോ മേഖലകള്‍ തിരിച്ചായിരിക്കും നിയന്ത്രണം. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന് കണക്കാക്കിയായിരിക്കും നിയന്ത്രണം.
അതേസമയം ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും (ഓഗസ്റ്റ് 15), മൂന്നാം ഓണത്തിനും (ഓഗസ്റ്റ് 22) ലോക്ഡൗണ്‍ ഉണ്ടാവില്ല.
കൂടുതല്‍ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വ്യാപാരികളുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചേക്കും. രോഗവ്യാപനം ഏറിയ മേഖലകളില്‍ ഒഴികെ കടകള്‍ തുറക്കുന്നതിന് കൂടുതല്‍ ഇളവുകളും നല്‍കിയേക്കും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും.
എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണം ഫലംകണ്ടില്ലെന്ന് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ആര്‍ടി-പിസിആര്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം സന്ദര്‍ശിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.