
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് നല്‍കിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ കൂടി മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ, കൊല്ലം ആലപ്പാട്ട് മുതല്‍ ഇടവ വരെ, ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ, എറണാകുളം മുനമ്പം മുതല്‍ മറുവക്കാട് വരെ, തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ എന്നീ തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.
നാളെ 13/08/2026 രാവിലെ 2.30 വരെ 1 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് INCOIS അറിയിച്ചു. കടലില്‍ പോകുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.





